Asianet News MalayalamAsianet News Malayalam

ഐഎന്‍എക്സ് മീഡിയ അഴിമതി:ചിദംബരത്തെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും

ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ ദില്ലി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. 

P chidambaram arrested in inx media scam case
Author
Delhi, First Published Aug 22, 2019, 7:06 AM IST

ദില്ലി: ഐഎന്‍എക്സ് മീഡിയാ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറെ നാടകീയതകള്‍ക്കൊടുവിലാണ് ഇന്നലെ രാത്രി പത്തുമണിയോടെ ദില്ലി ജോര്‍ബാഗിലെ വീട്ടില്‍ നിന്ന് ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത്. 

അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി എഐസിസി ആസ്ഥാനത്തെത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്.

സിബിഐ ഡയറക്ടര്‍ ആര്‍കെ ശുക്ല ദില്ലിയിലെ ആസ്ഥാനത്തെത്തി ഉന്നത ഉദ്യോഗസ്ഥരെ കണ്ടു. പിന്നാലെ ചിദംബരവുമായി സിബിഐ സംഘം ആസ്ഥാനത്തെ പത്താം നിലയിലേക്കെത്തി. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ടോടെയാവും കോടതിയില്‍ ഹാജരാക്കുക.

സിബിഐ സംഘത്തിന്‍റെ പിടിയിലാവുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് രാത്രി എട്ടരയോടെ ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ വാര്‍ത്താ സമ്മേളനത്തിലേക്ക് ചിദംബരം എത്തിയത്. എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് ചിദംബരം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വായിച്ചത്. 

രാഷ്ട്രീയ പകപോക്കലിന് ചിദംബരത്തെ വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. പിന്നാലെ, സിബിഐ സംഘം തേടിയെത്തും മുമ്പ് കപില്‍ സിബലുമൊന്നിച്ച് ചിദംബരം കാറില്‍ അവിടംവിട്ടു. അക്ബര്‍ റോഡ് കടക്കും വരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിദംബരത്തിന് വലയം തീര്‍ത്തിരുന്നു.

മതിൽ ചാടിക്കടന്ന് സിബിഐ സംഘം

എട്ടേമുക്കാലോടെ കപില്‍ സിബലും മനു അഭിഷേക് സിങ് വിക്കൊമൊപ്പം ചിദംബരം ജോര്‍ബാഗിലെ വീട്ടിലെത്തി. വീട്ടിലേക്ക് മടങ്ങിയ ചിദംബരത്തെ തേടി സിബിഐ ഉദ്യോഗസ്ഥരും അവിടെയെത്തി. ഗേറ്റ് പൂട്ടിയതിനാൽ, എന്‍ഫോഴ്സ്മെന്‍റ് സംഘം മതില്‍ ചാടിക്കടന്ന് വീട്ടിനുള്ളില്‍ പ്രവേശിച്ചതോടെ കസ്റ്റഡി നടപടികളാരംഭിച്ചു. ചിദംബരത്തിന്‍റെ അറസ്റ്റിന് മുന്നോടിയായി അദ്ദേഹത്തിന്‍റെ വീടിന് മുന്നിൽ വന്‍ സംരക്ഷണ വലയമാണ് പൊലീസ് തീർത്തത്. ചിദംബരത്തിനെതിരെ 'കള്ളൻ, കള്ളൻ' എന്ന മുദ്രാവാക്യം വിളിയായിരുന്നു ഒരിടത്ത്. യൂത്ത് കോൺഗ്രസ്‌ സംഘത്തിന്‍റെ പ്രതിഷേധം മറുവശത്ത്. വീടിന് പുറത്ത് നേരിയ സംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു.

ജോയിന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള അമ്പതിലേറെ പൊലീസുകാരെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്ത് സിബിഐ സംഘം പുറത്തേക്ക് കടന്നത്. ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിന് മുന്നിലേക്ക് ചാടിയത് അൽപസമയത്തെ സംഘർഷത്തിനിടയാക്കി. ചിലർ കാറിന് മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം കാറിന് സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു. 

ഇതിനിടെ, പിചിദംബരത്തെ അറസ്റ്റുചെയ്തതില്‍ രൂക്ഷ വിമര്‍ശനവുമായി മകന്‍ കാര്‍ത്തി ചിദംബരം രംഗത്തെത്തി. ആരാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് കരുതുന്നതെന്ന് കാര്‍ത്തി മാധ്യമങ്ങളോട് ചോദിച്ചു. 'അമേരിക്കന്‍ പ്രസിഡന്‍റായ ഡൊണാള്‍ഡ് ട്രംപാണ് ഇത് ചെയ്യുന്നതെന്ന്  കരുതുന്നുണ്ടോ? ഒരിക്കലുമല്ല. എല്ലാം ചെയ്യുന്നത് ബിജെപിയാണ്'- കാര്‍ത്തി ചെന്നൈയില്‍ പ്രതികരിച്ചു.

Also Read: പി ചിദംബരത്തിന് പിന്നാലെ കാര്‍ത്തിക്കും തിരിച്ചടി, സ്റ്റേ അപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി?

2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്  ഐഎന്‍എക്സ് മീഡിയ വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ.

വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന് ഐഎന്‍എക്സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്കുകയുമായിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ആയിരുന്നു ഐഎന്‍എക്സ് മീഡിയയുടെ ഉടമകള്‍. ഇവര്‍ക്കുപുറമേ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ പ്രതിയാണ്. 

കേസിന്‍റെ നാള്‍വഴി...

2017 മേയ് 15: വിദേശത്തുനിന്ന് നിയമവിരുദ്ധമായി 305 കോടിയുടെ നിക്ഷേപം സ്വീകരിച്ചതിന് ഐഎന്‍എക്സ് മീഡിയയ്ക്കെതിരെ സി.ബി.ഐ കേസെടുത്തു.

2017 മേയ് 16: പി.ചിദംബരത്തിന്‍റേയും മകന്‍ കാര്‍ത്തി ചിദംബരത്തിന്‍റേയും ചെന്നൈയിലെ വീടുകളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ്.

2017 ജൂണ്‍ 16: കാര്‍ത്തി ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ്.

2017 ഓഗസ്റ്റ് 10: കാര്‍ത്തിക്കെതിരായ ലുക്കൗട്ട് നോട്ടീസ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു.

2017 ഓഗസ്റ്റ് 14: മദ്രാസ് ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു.  

2017 ഓഗസ്റ്റ് 18: ഓഗസ്റ്റ് 23-നു മുമ്പ് സി.ബി.ഐക്കു മുന്നില്‍ ഹാജരാകാന്‍ കാര്‍ത്തി ചിദംബരത്തിന് സുപ്രീംകോടതിയുടെ നിര്‍ദേശം.

2017 സെപ്റ്റംബര്‍ 22: വിദേശത്തെ ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാതാക്കാന്‍ സാധ്യതയുളളതിനാല്‍ കാര്‍ത്തിയുടെ വിദേശയാത്രകള്‍ സി.ബി.ഐ തടഞ്ഞു.

2017 ഒക്ടോബര്‍ 09: മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ബ്രിട്ടനില്‍ പോകാന്‍ അനുമതി തേടി കാര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു.

2017 നവംബര്‍ 20: ബ്രിട്ടനില്‍ പോകാന്‍ കാര്‍ത്തിക്ക് സുപ്രീംകോടതിയുടെ അനുമതി

2018 ഫെബ്രുവരി 16: കാര്‍ത്തി ചിദംബരത്തിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിനെ സിബിഐ അറസ്റ്റു ചെയ്തു.

2018 ഫെബ്രുവരി 28: കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തു.

2018 മാര്‍ച്ച് 01: കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച്ആറ് വരെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ്.

2018 മാര്‍ച്ച് 12: കാര്‍ത്തിയെ തിഹാര്‍ ജയിലിലാക്കി.

2018 മാര്‍ച്ച് 23: കാര്‍ത്തി ചിദംബരത്തിന് ജാമ്യം അനുവദിച്ചു. 
2018 മേയ് 30: അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.ചിദംബരം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

2018 ജൂണ്‍ 01: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പി.ചിദംബരത്തിന് സി.ബി.ഐയുടെ നിര്‍ദ്ദേശം.

2018 ജൂലൈ 23: എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യം തേടി ചിദംബരം വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍.

2018 ജൂലൈ 23: ചിദംബരത്തിനെതിരായ രണ്ടു കേസുകളിലും അറസ്റ്റ് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ്.

2018 ഒക്ടോബര്‍ 11: കാര്‍ത്തി ചിദംബരത്തിന്‍റെ ഇന്ത്യയിലും വിദേശത്തുമുളള 54 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

2019 ഫെബ്രുവരി 04: ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രനിയമ മന്ത്രാലയത്തിന്‍റെ അനുമതി.

2019 ജൂലൈ 04: കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന ഇന്ദ്രാണി മുഖര്‍ജിയുടെ ആവശ്യം പ്രത്യേക സിബിഐ കോടതി അംഗീകരിച്ചു.
2019 ഓഗസ്റ്റ് 20: പി.ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തളളി.  

Follow Us:
Download App:
  • android
  • ios