Asianet News MalayalamAsianet News Malayalam

മകന്‍ കിടന്ന അതേ ജയില്‍ നമ്പര്‍ ഏഴില്‍ പി ചിദംബരവും

സാമ്പത്തിക കുറ്റവാളികള്‍ക്ക് വേണ്ടി മാറ്റിവച്ച സെല്ലുകളാണ് ഏഴാം നമ്പര്‍ ജയില്‍. ഇസെഡ് കാറ്റഗറിയില്‍ സുരക്ഷ ലഭിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ പ്രത്യേക സെല്ലാണ് ചിദംബരത്തിന് ജയിലില്‍ ലഭിച്ചിരിക്കുന്നത്. ചിദംബരം കഴിക്കുന്ന മരുന്നുകള്‍ ജയിലില്‍ ഉപയോഗിക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്

P Chidambaram in same Jail  at Tihar where Karti spent
Author
Tihar Jail, First Published Sep 6, 2019, 11:22 AM IST

ദില്ലി: ഇന്ത്യയുടെ മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം റിമാന്‍ഡ് പ്രതിയായി ഇപ്പോള്‍ തീഹാര്‍ ജയിലിലാണ്. ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ പതിനാല് ദിവസത്തേക്ക് ഇന്നലെയാണ് റിമാന്‍ഡ് ചെയ്ത് തീഹാര്‍ ജയിലിലേക്ക് അയച്ചത്. തീഹാറിലെ ഏഴാം നമ്പര്‍ ജയിലിലാണ് ചിദംബരത്തെ പാര്‍പ്പിച്ചിരിക്കുന്നത്.

സാമ്പത്തിക കുറ്റവാളികള്‍ക്ക് വേണ്ടി മാറ്റിവച്ച സെല്ലുകളാണ് ഏഴാം നമ്പര്‍ ജയില്‍. ഇസെഡ് കാറ്റഗറിയില്‍ സുരക്ഷ ലഭിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ പ്രത്യേക സെല്ലാണ് ചിദംബരത്തിന് ജയിലില്‍ ലഭിച്ചിരിക്കുന്നത്. ചിദംബരം കഴിക്കുന്ന മരുന്നുകള്‍ ജയിലില്‍ ഉപയോഗിക്കാന്‍ കോടതി അനുവദിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച തന്നെ ചിദംബരത്തെ ജയിലില്‍ എത്തിച്ചാല്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ തീഹാര്‍ ജയില്‍ അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍ അന്ന് സിബിഐയ്ക്ക് തന്നെയാണ് കോടതി ചിദംബരത്തെ കൈമാറിയത്. തീഹാറിലെ ഏഴാം നമ്പര്‍ ജയില്‍ എപ്പോഴും ഏറെ തിരക്കേറിയതാണ്.

ജയില്‍ മാനുവല്‍ പ്രകാരം ജയില്‍വാസികള്‍ ഉറങ്ങാന്‍ കിടക്കേണ്ടത് തറയിലാണ്. എന്നാല്‍ മുതിര്‍ന്ന വ്യക്തികള്‍ക്ക് പ്രത്യേക മെത്തയൊന്നും ഇല്ലാത്ത മരപ്പലക കട്ടില്‍ ലഭിക്കും. 73 കാരനായ ചിദംബരത്തിനും ഇത്തരം സംവിധാനം ലഭിക്കും. ഒപ്പം വെസ്റ്റേണ്‍ സ്റ്റെല്‍ ടോയ്ലെറ്റ് സെല്ലില്‍ ഒരുക്കിയിട്ടുണ്ട്.

ജയിലില്‍ തന്നെ തയ്യാറാക്കുന്ന ഭക്ഷണമാണ് ചിദംബരത്തിന് നല്‍കുക. ഒരു ചെറിയ പാത്രം പരിപ്പ് കറി, ഒന്നോ രണ്ടോ പച്ചകറി, 4 അല്ലെങ്കില്‍ 5 ചപ്പാത്തി ഇതാണ് സാധാരണ ഭക്ഷണം. എന്നാല്‍ ചിദംബരത്തിനായി ദക്ഷിണേന്ത്യന്‍ ഭക്ഷണം ലഭ്യമാക്കും. എന്നാല്‍ റിമാന്‍റ് പ്രതികള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം ജയില്‍ ക്യാന്‍റിനില്‍ നിന്നും വരുത്തി കഴിക്കാന്‍ പറ്റും. പ്രത്യേക കോടതി നിര്‍ദേശം ഇതിന് വേണമെന്ന് മാത്രം.

ചിദംബരത്തിന് വേണ്ട വസ്ത്രങ്ങള്‍ വീട്ടുകാര്‍ എത്തിച്ചിട്ടുണ്ട്. ചിദംബരം കഴിയുന്ന ഏഴാം നമ്പര്‍ ജയിലിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും ഇതേ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 23 ദിവസമാണ് കാര്‍ത്തി ഈ ജയിലില്‍ കിടന്നത്. ഇപ്പോള്‍ ചിദംബരത്തെ കുടുങ്ങിയ ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ തന്നെയാണ് കാര്‍ത്തിയും ജയില്‍വാസം അനുഭവിച്ചത്. 

Follow Us:
Download App:
  • android
  • ios