പഹൽഗാം ഭീകരർ പാകിസ്ഥാനിൽ നിന്നെന്നതിന് തെളിവില്ലെന്ന് ചിദംബരം, തിരിച്ചടിച്ച് ബിജെപി
ദില്ലി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം ഉയർത്തിയ ചോദ്യങ്ങളിൽ മറുപടിയുമായി ബിജെപി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിദംബരം കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി ഉന്നയിച്ച ചോദ്യങ്ങളിലാണ് കോൺഗ്രസ് പാകിസ്ഥാനെ പ്രതിരോധിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നിരിക്കുന്നത്.
കേന്ദ്രസർക്കാർ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്നില്ല, അക്രമികളായ ഭീകരർ എവിടെ? അവരെ എന്താണ് പിടികൂടാത്തത്, കൊലയാളികളായ ഭീകരരെ സഹായിച്ചതിന് കസ്റ്റഡിയിലെടുത്തവരുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്നും ചിദംബരം അഭിമുഖത്തിൽ ചോദിച്ചിരുന്നു. 'വിഷയത്തിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും പ്രതികരിക്കാത്തത് എന്താണ്? ഓപ്പറേഷൻ സിന്ദൂറിനിടെ സംഭവിച്ച തന്ത്രപരമായ പിഴവുകൾ മറച്ചുവെക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നാണ് അനുമാനം', അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് എൻഐഎ ഇത്ര നാളും ചെയ്തതെന്ന ചോദ്യവും പി ചിദംബരം ഉന്നയിച്ചു. അവർ ഭീകരരെ തിരിച്ചറിഞ്ഞോ? തിരിച്ചറിഞ്ഞെങ്കിൽ ആ ഭീകരർ എവിടെ നിന്നാണ് വന്നത്? ഇന്ത്യയിൽ തന്നെ പരിശീലനം ലഭിച്ച ഭീകരരാണ് ഇവരെന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയുള്ളപ്പോൾ ഇവർ പാകിസ്ഥാനിൽ നിന്നാണെന്ന് അനുമാനിക്കുന്നത് എങ്ങനെയാണ്? അതിന് തെളിവില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ഇന്ന് ലോക്സഭയിൽ ചർച്ച നടക്കാനിരിക്കെ ചിദംബരം നടത്തിയ പ്രസ്താവന ആയുധമാക്കി കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നു. 'ഒരിക്കൽ കൂടി കോൺഗ്രസ് പാകിസ്ഥാന് പ്രതിരോധം തീർക്കുകയാണ്. ഇത്തവണ അത് പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ്. നമ്മുടെ സേനകൾ പാകിസ്ഥാൻ പിന്തുണയോടെയുള്ള ഭീകരവാദത്തെ പിടിച്ചുനിർത്താൻ ശ്രമിക്കുമ്പോൾ, കോൺഗ്രസ് നേതാക്കൾ പാകിസ്ഥാൻ്റെ അഭിഭാഷകരെ പോലെ സംസാരിക്കുന്നത് എന്താണ്?' ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു.

