ദില്ലി: ഉത്തർപ്രദേശ് സ്ത്രീകളുടെ മരണ ഭൂമിയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. കൊലപാതക നിലമായി രാജ്യം മാറി. നിർഭയ ഫണ്ട് ശരിയായി സർക്കാർ വിനിയോഗിക്കുന്നില്ല. സ്ത്രീസുരക്ഷ ഉറപ്പ് വരുത്താൻ എല്ലാ പുരുഷൻമാർക്കും ഉത്തരവാദിത്തം ഉണ്ടെന്നും ചിദംബരം പറഞ്ഞു. അതേസമയം  ബിജെപി സർക്കാർ തുടരുന്നിടത്തോളം രാജ്യത്തെ സമ്പദ് വ്യവസ്ഥ തകരുന്നത് തടയാൻ ആകില്ലെന്നും ചിദംബരം പറഞ്ഞു.

ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ ചിദംബരം ഇക്കഴിഞ്ഞ ബുധനാഴ്‍ചയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് എടുത്ത കേസിൽ സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.  അന്വേഷണത്തോട് സഹകരിക്കണം, രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണം, രാജ്യംവിട്ട് പോകരുത്, പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം, കേസിനെപ്പറ്റി പരസ്യപ്രസ്താവനകൾ നടത്തരുത് എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.