ദില്ലി: ഐഎൻഎക്സ് മീഡിയ അഴിമതിക്കേസില്‍ ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് സിബിഐയോട് പി ചിദംബരം. അഭിഭാഷകന്‍ മുഖേനയാണ് ചിദംബരം സിബിഐയെ ഇക്കാര്യം അറിയിച്ചത്. ചിദംബരത്തിന്‍റെ ഹര്‍ജി സുപ്രീംകോടതി 10.30 ന് പരിഗണിക്കാന്‍ ഇരിക്കുകയാണ്. ദില്ലി ഹൈക്കോടതിയുടെ നടപടി നീതിപൂർവമോ, തെളിവുകൾ പരിശോധിച്ചുള്ളതോ അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിക്കുന്നത്. 

വൈകിട്ടോടെ സിബിഐ സംഘം ചിദംബരത്തിന്‍റെ വീട്ടിലെത്തിയെങ്കിലും അവിടെയില്ലെന്ന് മറുപടി കിട്ടിയ ശേഷം മടങ്ങിയിരുന്നു. എന്നാൽ അതിന് പിന്നാലെ എൻഫോഴ്‍സ്മെന്‍റ് സംഘം എത്തി. സിബിഐ മടങ്ങിയതിന് പിന്നാലെയാണ് ജോർബാഗിലെ വസതിയിലേക്ക് നാലംഗ എൻഫോഴ്‍സ്മെന്‍റ് സംഘമെത്തിയത്. ഇന്നലെ അര്‍ധരാത്രി ചിദംബരത്തിന്‍റെ വീട്ടില്‍ 'രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം' എന്നാവശ്യപ്പെട്ടുള്ള നോട്ടീസ് സിബിഐ പതിച്ചിരുന്നു. 

പി ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ വഴിയൊരുക്കുന്നതാണ് ദില്ലി ഹൈക്കോടതിയുടെ വിധി. കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ പല തവണ എൻഫോഴ്‍സ്മെന്‍റും സിബിഐയും ചോദ്യം ചെയ്തിരുന്നു. ഐഎൻഎക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്. ഐഎൻഎക്സ് മീഡിയ കമ്പനിക്ക് 2007-ൽ വിദേശഫണ്ട് ഇനത്തിൽ ലഭിച്ചത് 305 കോടി രൂപയാണ്.