Asianet News MalayalamAsianet News Malayalam

പി ചിദംബരം തിഹാര്‍ ജയിലിലേക്ക്; സെപ്റ്റംബർ 19 വരെ റിമാന്‍ഡ് ചെയ്തു

ചിദംബരത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തെ ഈ മാസം 19 വരെ തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കും.

p chidambaram to judicial custody till september 19 inx media case
Author
Delhi, First Published Sep 5, 2019, 5:57 PM IST

ദില്ലി: ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചിദംബരത്തെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന സിബിഐ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തെ ഈ മാസം 19 വരെ തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കും. ദില്ലി റോസ് അവന്യു കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സുരക്ഷിതമായതും സൗകര്യങ്ങളുള്ളതുമായ ജയില്‍മുറി അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചു. അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുമ്പാകെ കീഴടങ്ങാന്‍  തയ്യാറാണെന്ന് കാണിച്ചുള്ള അപേക്ഷയും ചിദംബരത്തിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഈ വിഷയത്തില്‍ കോടതി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനോട് മറുപടി ചോദിച്ചിട്ടുണ്ട്.  അപേക്ഷ ഈ മാസം 12ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. 

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് തള്ളിയിരുന്നു. ഇപ്പോൾ മുൻകൂർ ജാമ്യം നൽകുന്നത് കേസിന്‍റെ അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സുപ്രീംകോടതിയുടെ  നിരീക്ഷണം.

ഇതോടെയാണ് സിബിഐ കസ്റ്റഡിയില്‍ റിമാന്‍ഡിലായിരുന്ന ചിദംബരത്തിന്‍റെ നില കൂടുതല്‍ പരുങ്ങലിലായത്. അറസ്റ്റും തിഹാർ ജയിലുമൊക്കെ ഒഴിവാക്കാനുള്ള ചിദംബരത്തിന്‍റെ ശ്രമങ്ങൾക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീംകോടതി തീരുമാനം. 

Follow Us:
Download App:
  • android
  • ios