പാക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയുടെ അളവ് രേഖപ്പെടുത്താനായി ഇടപെടാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി അന്ത്യശാസനം. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി കോടതി നേരിട്ട് ഉത്തരവിറക്കുമെന്നും മുന്നറിയിപ്പ്

ദില്ലി: പാക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പ്, പഞ്ചസാര, സാച്ചുറേറ്റഡ് ഫാറ്റ് എന്നിവയുടെ ഉയർന്ന അളവിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് ലേബലുകൾ ഉൾപ്പെടുത്തുന്ന വിഷയത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. പാക്കറ്റ് ഭക്ഷണങ്ങളിലെ ലേബലിംഗ് സംബന്ധിച്ച വിഷയം രണ്ടാഴ്ചയ്ക്കകം പരിഹരിച്ച് നിലപാട് വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം വിഷയത്തിൽ കോടതി തന്നെ നേരിട്ട് ഉത്തരവിറക്കുമെന്നും ജസ്റ്റിസുമാർ മുന്നറിയിപ്പ് നൽകി. 'നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഞങ്ങൾ ഉത്തരവിടും' എന്നായിരുന്നു കേന്ദ്രത്തോടുള്ള സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി ഭക്ഷ്യ ഉൽപന്നങ്ങളിൽ കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിലാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടി ഉണ്ടാകണമെന്ന് കോടതി കർശനമായി വ്യക്തമാക്കിയത്.

ഭക്ഷ്യ വ്യവസായത്തിന്റെ താൽപര്യങ്ങളേക്കാൾ പൊതുജനാരോഗ്യത്തിന് മുൻഗണന നൽകണമെന്നും, പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന അമിത ഉപ്പ് – പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ച് ഉപഭോക്താക്കൾക്ക് വ്യക്തമായ വിവരം ലഭിക്കണമെന്നും കോടതി പറഞ്ഞു. കേന്ദ്രം സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെങ്കിൽ വിഷയത്തിൽ കോടതി നേരിട്ട് ഇടപെടുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം