തിരുവനന്തപുരം: കർത്താര്‍പുർ ഇടനാഴിയുടെ ഉദ്ഘാടനം ശനിയാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ തിരിച്ചറിയല്‍ നടപടികള്‍ സംബന്ധിച്ച വിഷയത്തില്‍ നിലപാട് മാറ്റി പാകിസ്ഥാൻ. സിഖ് തീർത്ഥാടകർക്ക് പാസ്പോർട്ടില്ലാതെ പ്രവേശനം നല്‍കും എന്ന ഇമ്രാൻ ഖാന്‍റെ പ്രഖ്യാപനം സൈന്യം തിരുത്തി. സുരക്ഷ പരിഗണിച്ച് പാസ്പോർട്ട് ഇല്ലാതെ ഇന്ത്യയില്‍ നിന്നും തീർത്ഥാടകരെ പ്രവേശിപ്പിക്കാനാവില്ലെന്ന് പാക് സേന വക്താവ് ആസിഫ് ഗഫൂർ വ്യക്തമാക്കി. 

പാസ്പോർട്ടിന് പകരം ഏതെങ്കിലും തിരിച്ചറിയൽ കാർഡ് മതിയെന്നായിരുന്നു ഇമ്രാന്‍റെ പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യം പാക്കിസ്ഥാന്‍ ഔദ്യോഗികമായി അറിയിക്കാത്തത് ഇന്ത്യയിൽ ഏറെ ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. ഇതിനിടെയാണ് സൈനികവക്താവിന്‍റെ പുതിയ പ്രഖ്യാപനം വരുന്നത്. വിഷയത്തില്‍ പാക്കിസ്ഥാന്‍ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പിട്ട കരാർ അനുസരിച്ച് പാസ്പോർട്ടാണ് അം​ഗീകൃതരേഖയെന്നും അതു മാറ്റണമെങ്കിൽ ഇരുരാജ്യങ്ങളുടേയും സമ്മതം വേണമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

അതിനിടെ കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി തേടി നവ്ജ്യോത് സിംഗ് സിദ്ധു വീണ്ടും കേന്ദ്രസര്‍ക്കാരിന് കത്തയച്ചു.  വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനാണ് സിദ്ധു കത്തയച്ചിരിക്കുന്നത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ടും തന്‍റെ യാത്രയുടെ കാര്യത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കുന്നില്ലെന്ന് നവ്ജ്യോത് സിംഗ് സിദ്ധു പറയുന്നു.