മുംബൈയിലും താനയിലുമായി 1999 മുതല്‍ താമസിച്ചുവരികയാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. 

അന്തേരി: ഇരുപത് വര്‍ഷമായി അന്തേരിക്കടുത്തുള്ള ഓഷിവാരയില്‍ താമസിക്കുന്ന പാക് ദമ്പതികളെ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി അറസ്റ്റ് ചെയ്തു. കുടുംബവുമൊത്ത് അനധികൃതമായാണ് ഇവര്‍ ഇന്ത്യയില്‍ തമസിക്കുന്നതെന്ന് ഓഷിവാര പൊലീസ് പറഞ്ഞു. പാക് പൌരന്മാരായ ഇവര്‍ വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് സ്വന്തമാക്കിയത്. 

അഹമ്മദ് ദൗദാനി (55), ഭാര്യ അഷ്റഫ് (53) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദ് ദൗദാനിക്ക് അന്തേരി റെയില്‍വേ സ്റ്റേഷനില്‍‌ ഹെല്‍മറ്റ് വില്‍പ്പനയായിരുന്നു ജോലി. ഭാര്യ വീട്ടുവേലക്കാരിയായി ജോലി നോക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്. മുംബൈയിലും താനയിലുമായി 1999 മുതല്‍ താമസിച്ചുവരികയാണെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. 

ഇന്ത്യക്കാരനായ അഹമ്മദ് 1986 ലാണ് പാകിസ്ഥാനിലെത്തുന്നത്. അവിടെ വച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ട ഇയാള്‍ പിന്നീട് പാകിസ്ഥാനില്‍ നിന്ന് വിവാഹം കഴിച്ചു. പാകിസ്ഥാനില്‍ താമസിച്ച ഇവര്‍ 1999 ല്‍ ട്രയിന്‍വഴിയാണ് ഇന്ത്യയിലേക്ക് കടന്നതെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.