ലക്നൗ: കൊവിഡ് രോ​ഗം നിയന്ത്രിക്കുന്നതിൽ ഉത്തർപ്രദേശ് സർക്കാരിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി പാകിസ്ഥാൻ മാധ്യമമായ ഡോണിന്റെ എഡിറ്റർ  ഫഹദ് ഹുസ്സൈൻ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ശരിയായ രീതിയിലാണ് നടത്തുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രശംസാവാക്കുകൾ. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വളരെ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങളാണ്  ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും പാകിസ്ഥാനിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ഫഹദ് ഹുസ്സൈൻ പറഞ്ഞു. 

പാകിസ്ഥാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തർപ്രദേശിലെ മരണ നിരക്ക് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാനിലെ കൊവിഡ് മരണ നിരക്കും ഉത്തർപ്രദേശ് സർക്കാർ കൊവിഡിനെ നേരിടുന്നതെങ്ങനെയെന്നും വിശദീകരിക്കാൻ ഒരു ​ഗ്രാഫും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവച്ചിരുന്നു. അതോടൊപ്പം തന്നെ മഹാരാഷ്ട്രയിലെ മരണനിരക്ക് വര്‍ദ്ധിക്കാനുള്ള കാരണവും അദ്ദേഹം ഗ്രാഫിലൂടെ വ്യക്തമാക്കുന്നുണ്ട്.  ഗ്രാഫ് അനുസരിച്ച് പാകിസ്ഥാനിലെ ജനസംഖ്യ 208 ദശലക്ഷവും ഉത്തർപ്രദേശിലെ ജനസംഖ്യ 225 ദശലക്ഷവുമാണ്. ഇദ്ദേഹം പങ്കുവച്ച ​ഗ്രാഫ് അനുസരിച്ച് പാകിസ്ഥാനിലെ കൊവിഡ് മരണനിരക്ക്, ഉത്തർപ്രദേശുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണ്. 

ഉത്തർപ്രദേശിലെ മരണനിരക്ക് കുറയാൻ കാരണം കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയത് മൂലമാണെന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചിരിക്കുന്നു. അതുപോലെ തന്നെ കൊവിഡ് നിയന്ത്രിക്കുന്ന കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടതായും അദ്ദേഹം പറയുന്നു.  ഉത്തർപ്രദേശ് എന്താണ് ചെയ്തതെന്നും മഹാരാഷ്ട്ര എന്താണ് ചെയ്യാതിരുന്നതെന്നും അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.