മഹാരാഷ്ട്രയിലെ അകോട്ട മുനിസിപ്പൽ കൗൺസിലിൽ അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി ബിജെപി സഖ്യമുണ്ടാക്കി. നീക്കം വിവാദമായതോടെ, സഖ്യത്തിന് നേതൃത്വം നൽകിയ ബിജെപി എംഎൽഎ പ്രകാശ് ഭർസകലെയ്ക്ക് സംസ്ഥാന നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകി.
മുംബൈ: പാർട്ടി അനുമതിയില്ലാതെ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എ.ഐ.എം.ഐ.എമ്മുമായി സഖ്യമുണ്ടാക്കിയതിന് ബിജെപി നേതാവിന് നോട്ടീസ്. വിദർഭ മേഖലയിലെ അകോള ജില്ലയിലെ അകോട്ട് മുനിസിപ്പൽ കൗൺസിലിലാണ് എ.ഐ.എം.ഐ.എമ്മുമായി ബിജെപി കൈകോർത്തത്. സംഭവം വിവാദമായതിന് പിന്നാലെ, ബി.ജെ.പി എംഎൽഎ പ്രകാശ് ഭർസകലെയ്ക്ക് ഔപചാരിക കാരണം കാണിക്കൽ നോട്ടീസ് നൽകി. ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദ്ര ചവാനാണ് നോട്ടീസ് നൽകിയത്. ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീനുമായി പ്രാദേശിക രാഷ്ട്രീയ സഖ്യത്തിൽ ഏർപ്പെടുന്നതിന് പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളും നയങ്ങളും എം.എൽ.എ അട്ടിമറിച്ചതായി കത്തിൽ ആരോപിക്കുന്നു.
പാർട്ടി നേതൃത്വവുമായി ആലോചിക്കാതെയോ മുതിർന്ന അംഗങ്ങളെ വിശ്വാസത്തിലെടുക്കാതെയോ ഭാർസകലെ അകോട്ട് മുനിസിപ്പൽ കൗൺസിലിൽ എ.ഐ.എം.ഐ.എമ്മുമായി തന്ത്രപരമായ സഖ്യം രൂപീകരിച്ചതായി നോട്ടീസിൽ പറയുന്നു. നേതാവിന്റെ നടപടി പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും പാർട്ടി ആരോപിച്ചു. കൂടുതൽ വ്യക്തതക്കായി നോട്ടീസിന്റെ പകർപ്പ് അകോട്ടിലെ ബിജെപി മണ്ഡൽ പ്രസിഡന്റ് ഹരീഷ് തവ്രിക്കും അയച്ചിട്ടുണ്ട്. സഖ്യത്തില്‍ പാര്‍ട്ടി അനുവാദമില്ലെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഫഡ്നവിസും വ്യക്തമാക്കി. അതേസമയം, ബിജെപി സഖ്യത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് എഐഎംഐഎം കൗണ്‍സിലര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി.
അകോള ജില്ലയിലെ മുതിർന്ന രാഷ്ട്രീയക്കാരനാണ് പ്രകാശ് ഭാർസകലെ. 2014 മുതൽ അകോട്ടിൽ നിന്ന് മഹാരാഷ്ട്ര നിയമസഭയിൽ അംഗമായ അദ്ദേഹം മുമ്പ് ദര്യപൂരിൽ നിന്ന് എംഎൽഎ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശിവസേനയിൽ നിന്ന് കോൺഗ്രസിലേക്കും ഒടുവിൽ 2012 ൽ ബിജെപിയിലേക്കും എത്തിയ നേതാവാണ് പ്രകാശ്. അകോട്ടില്‍ 5 സീറ്റുകൾ നേടുകയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന എതിരാളിയായിരിക്കുകയും ചെയ്ത എഐഎംഐഎം ഒടുവിൽ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേർന്നത് ഞെട്ടിച്ചിരുന്നു.
മത്സരിച്ച 33 സീറ്റുകളിൽ ബിജെപി 11 സീറ്റുകൾ നേടി. ഭരണം പിടിച്ചെടുക്കാൻ ഭാർസകലെ 'അകോട്ട് വികാസ് മഞ്ച്' എന്ന പേരിൽ ഒരു പുതിയ മുന്നണി രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. ശിവസേനയുടെ രണ്ട് വിഭാഗങ്ങളും (ഷിൻഡെയും യുബിടിയും), എൻസിപിയുടെ രണ്ട് വിഭാഗങ്ങളും (അജിത് പവാറും ശരദ് പവാറും), ബച്ചു കടുവിന്റെ പ്രഹാർ ജനശക്തി പാർട്ടിയും ഈ സഖ്യത്തിൽ ഉൾപ്പെട്ടു. ബിജെപി കോർപ്പറേറ്റർ രവി താക്കൂറിനെ ഗ്രൂപ്പ് നേതാവായി നിയമിച്ചു. കോൺഗ്രസും (6) വഞ്ചിത് ബഹുജൻ അഘാഡിയും (2) പ്രതിപക്ഷത്ത് ഇരിക്കും.
