നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ അധികാരം പങ്കിടണമെന്ന ആവശ്യവുമായി ബിജെപി. എൻഡിഎ സഖ്യം വിജയിച്ചാൽ മൂന്ന് മന്ത്രിസ്ഥാനങ്ങളും 56 സീറ്റുകളും വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എഐഎഡിഎംകെയോട് ആവശ്യപ്പെട്ടു
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തമിഴ്‌നാട്ടിൽ വിജയിച്ചാൽ അധികാരം പങ്കിടണമെന്ന് എഐഎഡിഎംകെയോട് ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. എൻഡിഎ സഖ്യം വിജയിച്ചാൽ മൂന്ന് മന്ത്രിപദവികൾ നൽകണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിൽ 56 ഇടത്ത് ബിജെപി മത്സരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് സഖ്യമുണ്ടാക്കിയാണ് ഡിഎംകെയും എഐഎഡിഎംകെയും ഭരണത്തിലെത്താറുള്ളതെങ്കിലും അധികാരം പങ്കിടുന്ന പതിവില്ല. അതിനാൽ തന്നെ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത ശേഷം നിലപാടറിയിക്കാമെന്നാണ് എടപ്പാടി കെ പളനിസ്വാമി, അമിത് ഷായോട് പറഞ്ഞത്. അതേസമയം ഇത്തരമൊരു ധാരണ തെരഞ്ഞെടുപ്പിന് മുൻപുണ്ടാക്കുന്നത് തിരിച്ചടിക്കുമെന്ന ആശങ്ക എഐഎഡിഎംകെ ക്യാമ്പിലുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ ജയിച്ചാൽ ബിജെപി സർക്കാർ ഉണ്ടാകുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തൻ്റെ പ്രസംഗത്തിൽ വിമർശിച്ചിരുന്നു. തമിഴക വെട്രി കഴകവും മത്സരരംഗത്തുള്ളതിനാൽ എഐഎഡിഎംകെ ക്യാമ്പിൽ ബിജെപിയുടെ ആവശ്യത്തോട് നേതാക്കൾ അനുകൂലമായി പ്രതികരിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. അതേസമയം പൊങ്കലിന് മുൻപ് സംസ്ഥാനത്ത് സഖ്യം ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി പ്രചാരണ രംഗത്തേക്ക് കടക്കാനാണ് എൻഡിഎയിൽ ആലോചനകൾ നടക്കുന്നത്.


