ദില്ലി: കർതാർപുർ ഇടനാഴി തിങ്കളാഴ്ച വീണ്ടും തുറക്കാമെന്ന പാകിസ്ഥാൻറെ നിലപാട് തള്ളി ഇന്ത്യ.  മഹത്തരമായ കാര്യം ചെയ്യുന്നെന്ന തോന്നലുണ്ടാക്കാനാണ് പാകിസ്ഥാന്റെ ശ്രമം എന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. ഏഴ് ദിവസം സമയം നല്കണമെന്ന ഉപാധി പോലും പാകിസ്ഥാൻ പാലിക്കുന്നില്ല. പാക് അധീന കശ്മീരിലെ വ്യോമനീക്കം നിരീക്ഷിക്കാനും ഇന്ത്യ തീരുമാനിച്ചു. 

കൊവിഡ് വ്യാപനത്തെത്തുടർന്ന് പൊതു ഇടങ്ങൾ അടച്ചിടുന്നതിന്റെ ഭാ​ഗമായി മാർച്ച് 16നാണ് കർത്താർപുർ ഇടനാഴി അടച്ചിട്ടത്. വീണ്ടും തുറക്കുന്നതിന് ഏഴു ദിവസത്തെ സാവകാശം വേണമെന്ന് ഇന്ത്യ കരാർ വച്ചിരുന്നതാണ്. 2019 നവംബർ അവസാനമാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ കർത്താർപുർ ഇടനാഴി സഞ്ചാരികൾക്കായി തുറന്നു നൽകിയത്. 2020 ജനുവരി വരെ അമ്പതിനായിരത്തിനടുത്ത് ആളുകൾ ഈ ഇടനാഴി ഉപയോ​ഗപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. 

ലോകമെമ്പാടുമുള്ള ആരാധനാകേന്ദ്രങ്ങൾ വീണ്ടും തുറന്നു തുടങ്ങിയ സാഹചര്യത്തിൽ കർത്താർപുറും തുറക്കാൻ സർക്കാർ തയ്യാറായിരിക്കുകയാണ് എന്നാണ് പാകിസ്ഥാൻ അറിയിച്ചിരിക്കുന്നത്. സിഖ് മതവിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട സ്ഥലം കൂടിയാണ് കർത്താർപുർ. ​സിഖ്മതസ്ഥാപകനായ ​ഗുരു നാനാക് തന്റെ അവസാനകാലം ചെലവഴിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.