ദില്ലി: പാക്കിസ്ഥാനില്‍ ഇപ്പോഴും 40000ത്തോളം ഭീകരവാദികളുണ്ടെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്മതിച്ച സ്ഥിതിക്ക് ശക്തമായ നടപടി സ്വീകരിക്കാന്‍ അവര്‍ തയ്യാറാകണമെന്ന് ഇന്ത്യ. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാക്കുകളില്‍ മാത്രം പോരാ, പ്രവര്‍ത്തനത്തിലും സത്യസന്ധത കാണിക്കണമെന്ന് രവീഷ് കുമാര്‍ പറഞ്ഞു.  ഭീകരവാദികള്‍ക്കെതിരെ വിശ്വസനീയവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടി സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും ഇതാണ് ഉചിത സമയമെന്നും അദ്ദേഹം പറഞ്ഞു. പരിശീലനം ലഭിച്ച തീവ്രവാദികളെ കശ്മീരിലേക്ക് അയക്കുന്നുണ്ടെന്ന് പാക് പ്രധാനമന്ത്രി സമ്മതിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തെ തൃപ്തിപ്പെടുത്താനായി അര്‍ദ്ധ മനസ്സോടെയായിരുന്നു തീവ്രവാദികള്‍ക്കെതിരായ പാക്കിസ്ഥാന്‍റെ പ്രവര്‍ത്തനമെന്നും ഇന്ത്യന്‍ വക്താവ് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രസ്താവന മുഖവിലക്കെടുക്കേണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു. 
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ നടന്ന പരിപാടിയിലാണ് ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാനില്‍ 30000-40000 പരിശീലനം ലഭിച്ച ഭീകരവാദികള്‍ ഉണ്ടെന്ന് പറഞ്ഞത്. ഇക്കാര്യം അമേരിക്കയില്‍നിന്ന് മറച്ചുവച്ചെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു.