പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.

ദില്ലി: പാകിസ്ഥാനെ തിരിച്ചടിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്‍റെ ആക്രമണം. ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്. പാകിസ്ഥാന്‍റെ 2 യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പാകിസ്ഥാന്‍റെ എട്ട് മിസൈലുകളും ഇന്ത്യ തകര്‍ത്തു. പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. 

ജമ്മു മേഖലയില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇവിടങ്ങളില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വീടുകളിലും മറ്റും ലൈറ്റുകള്‍ അണയ്ക്കാൻ സൈന്യവും പൊലീസും നിര്‍ദേശം നൽകിയിരിക്കുകയാണ്. ഇന്ത്യൻ അതിര്‍ത്തി മേഖലയിലേക്ക് കടന്നു കയറിയാണ് പാകിസ്ഥാൻ ഇന്ന് ആക്രമണം നടത്തിയിരിക്കുന്നത്. ജമ്മുവിലും പഞ്ചാബിലും രാജസ്ഥാനിലും ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 

ജമ്മു വിമാനത്താവളത്തിനോട് ചേർന്നാണ് പാക് ആക്രമണം നടന്നത്. ജമ്മു ന​ഗരത്തിലടക്കം സൈന്യം ഡ്രോണുകൾ വെടിവച്ചിട്ടതായാണ് വിവരം. അൻപതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിമാനത്താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഇന്ത്യ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുകയായിരുന്നു. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജമ്മുവിൽ ഇൻ്റർനെറ്റ് റദ്ദാക്കി. ജമ്മു വിമാനത്താവളം, പത്താൻ കോട്ട്, അഖ് നൂർ, സാംബ എന്നിവിടങ്ങളാണ് ഭീകരർ ലക്ഷ്യമിട്ടത്. ജമ്മു മേഖലയിൽ നിലവിൽ പാക്കിസ്ഥാൻ്റെ കനത്ത വെടിവെപ്പ് തുടരുകയാണ്. പഞ്ചാബ് അതിർത്തിയിലും കുപ്വാരയിലും കനത്ത വെടിവെപ്പ് ആണ് നടക്കുന്നത്. പഞ്ചാബിൽ കനത്ത ജാഗ്രത തുടരുകയാണ്. പഞ്ചാബ് അതിർത്തിയിൽ ലൈറ്റണച്ച് കരുതൽ നടപടി തുടങ്ങി. സൈനിക കേന്ദ്രങ്ങളും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്നാണ് പുറത്തുവരുന്നത്. 

ജമ്മുവില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു