ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെയാണ് പരിപാടി മാറ്റിവെച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചത്. 

അബുദാബി: ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അബുദാബിയില്‍ നടത്താനിരുന്ന ഇന്ത്യന്‍ ഗായകൻ അരിജിത് സിങ്ങിന്‍റെ സംഗീത പരിപാടി മാറ്റിവെച്ചു. അബുദാബിയിലെ ഇത്തിഹാദ് അരീനയില്‍ ഈ വെള്ളിയാഴ്ചയാണ് സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. ഇതാണ് മാറ്റിവെച്ചത്.

ഇന്ത്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അബുദാബിയിലെ യാസ് ഐലന്‍ഡിലെ ഇത്തിഹാദ് അരീനയില്‍ മെയ് 9ന് നടത്താനിരുന്ന അരിജിത് സിങ്ങിന്‍റെ ലൈവ് സംഗീത പരിപാടി മാറ്റിവെച്ചതായി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ നിങ്ങളുടെ ക്ഷമയും പിന്തുണയും മനസ്സിലാക്കലും അഭിനന്ദിക്കുന്നതായും ടീം വ്യക്തമാക്കി. 

സംഗീത പരിപാടിയുടെ പുതിയ ഡേറ്റിനായി സംസാരിച്ച് കൊണ്ടിരിക്കുകയാണെന്ന് അരിജിത് സിങ്ങിന്‍റെ പ്രതിനിധികള്‍ പറഞ്ഞു. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. സംഗീത പരിപാടിയിലേക്കായി വില്‍പ്പന നടത്തിയ ടിക്കറ്റുകള്‍ പുതിയ തീയതി വരെ സാധുതയുള്ളതാണെന്നും അല്ലെങ്കില്‍ ടിക്കറ്റ് വാങ്ങിയവര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ആയി ലഭിക്കാനുള്ള ഓപ്ഷനും തെരഞ്ഞെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 

5,500 ദിര്‍ഹം വരെ ആണ് സംഗീത നിശയുടെ ടിക്കറ്റ് നിരക്ക്. ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള ആരാധകര്‍ ഈ പരിപാടിയില്‍ പങ്കെടുക്കാനിരുന്നതാണ്. സംഗീത നിശ മാറ്റിവെച്ചതില്‍ ആരാധകര്‍ നിരാശ പ്രകടിപ്പിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം