ഇസ്ലാമാബാദ്: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിയെ തുടര്‍ന്ന് ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്ഥാനില്‍ വിലക്കേര്‍പ്പെടുത്തി. വാര്‍ത്താവിതരണ സംപ്രേഷണത്തില്‍ പാക് പ്രധാനമന്ത്രിയുടെ അസിസ്റ്റന്‍റ് ഫിര്‍ദൗസ് ആഷിഖ് അവാനാണ് ഇക്കാര്യം പാക് മാധ്യമങ്ങളെ അറിയിച്ചു. ഇനിയൊരു തീരുമാനമുണ്ടാകുന്നത് വരെ ഇന്ത്യന്‍ സാംസ്കാരിക പരിപാടികള്‍ക്കെല്ലാം പാകിസ്ഥാനില്‍ നിരോധിച്ചതായി അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഇന്ത്യയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചതായി പാകിസ്ഥാന്‍ അറിയിച്ചിരുന്നു. ദില്ലിയിലെ പാക് അംബാസഡറെ തിരിച്ചുവിളിക്കുകയും ഇസ്ലാമാബാദിലെ ഇന്ത്യന്‍ അംബാസഡറെ തിരിച്ചയക്കുകയും ചെയ്തിരുന്നു. വ്യാപാര ബന്ധവും പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. ഇന്ത്യയുമായുള്ള നയതന്ത്ര-സാംസ്കാരിക ബന്ധം പുനപരിശോധിക്കാന്‍ ബുധനാഴ്ച പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ ദേശീയ സുരക്ഷ കമ്മിറ്റി യോഗം വിളിച്ചിരുന്നു.