ദില്ലി: ജമ്മു കശ്മീരിലെ ഉറി, രജൗരി സെക്ടറുകളിൽ പാകിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാ‍ർ ലംഘനത്തെ തുടർന്ന് തിരിച്ചടിച്ച് ഇന്ത്യൻ സേന. അതിർത്തിയിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ന് ഒരു പാക് സൈനികനെ കൂടി വധിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി സെക്ടറിന് സമീപം നടന്ന വെടിവയ്പ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.

അതിർത്തിയിൽ ഇന്ത്യൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു പാക് സൈനികൻ കൂടി മരിച്ചെന്ന വാർത്ത പാക് സേന തന്നെയാണ് പുറത്തുവിട്ടത്. അതേസമയം, നിയന്ത്രണ രേഖയിലെ വെടിവയ്പ്പിൽ അഞ്ച് ഇന്ത്യന്‍ സൈനികരെ വധിക്കുകയും നിരവധി സൈനികര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തെന്ന പാകിസ്ഥാന്‍ വാദം ഇന്ത്യ തള്ളി.