നിലവില്‍  537 ഇന്ത്യന്‍ തടവുകാര്‍ പാകിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 483 പേര്‍ മത്സ്യബന്ധന തൊഴിലാളികളും 54  പേര്‍ സാധരണക്കാരുമാണ്.

ദില്ലി: ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ 360 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതായി സൂചന. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഇവരെ വിട്ടയയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ തടവുകാരെ മോചിപ്പിക്കും. പാക്കിസ്ഥാന്‍ റേഡിയോ ആണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. 

പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവ് മുഹമ്മദ് ഫൈസല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് പാക്ക് റേഡിയോ അറിയിച്ചിരിക്കുന്നത്. നിലവില്‍ 537 ഇന്ത്യന്‍ തടവുകാര്‍ പാകിസ്ഥാന്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 483 പേര്‍ മത്സ്യബന്ധന തൊഴിലാളികളും 54 പേര്‍ സാധരണക്കാരുമാണ്. തിങ്കളാഴ്ച 100 പേരെ വിട്ടയക്കും.ഏപ്രില്‍ 15-ന് 100 പേരെ കൂടി വിട്ടയക്കും. 22-ന് 100 പേരടങ്ങിയ മൂന്നാമത്തെ സംഘത്തെ മോചിപ്പിക്കും. അവസാനത്തെ 60 പേരെ 29-നായിരിക്കും വിട്ടയക്കുക.

347 പാകിസ്ഥാന്‍ തടവുകാര്‍ ഇന്ത്യന്‍ ജയിലുകളിലുണ്ടെന്നും പാകിസ്ഥാന്‍ പുറത്തുവിട്ട ശുഭവാര്‍ത്തയോടെ ഇന്ത്യ അവരെ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും പാക് വിദേശകാര്യ വാക്താവ് പറഞ്ഞു. ഈ മാസം 15,16 തിയതികളിലായി ഇതുസംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ കൂടുതല്‍ സമാധാന ചര്‍ച്ചകള്‍ നടത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.