ദില്ലി: പാക് കോടതി വധശിക്ഷക്ക് വിധിച്ച കുൽഭൂഷണ്‍ ജാദവുമായി കൂടിക്കാഴ്‍ച്ച നടത്തിയതിന് പിന്നാലെ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. കുല്‍ഭൂഷണ്‍ ജാദവുമായി പാകിസ്ഥാന്‍ സ്വതന്ത്രമായ കൂടിക്കാഴ്‍ച്ച അനുവദിച്ചില്ലെന്നാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്. ജാദവുമായി സംസാരിക്കുന്നതിനിടെ പാക് ഉദ്യോഗസ്ഥര്‍ മാറിനില്‍ക്കാന്‍ തയ്യാറായില്ലെന്നും സംഭാഷണം ക്യാമറ ഉപയോഗിച്ച് റെക്കോര്‍ഡ്  ചെയ്യാന്‍ ശ്രമിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

അതേസമയം വധശിക്ഷയ്ക്ക് എതിരെ കുൽഭൂഷണ്‍ ജാദവ് പുനപരിശോധനാ ഹര്‍ജി നല്‍കും. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ന്  ജാദവിനെ കണ്ടതിന് പിന്നാലെയാണ് വധശിക്ഷയ്ക്ക് എതിരെ കുല്‍ഭൂഷണ്‍ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുന്നില്ലെന്ന് കുൽഭൂഷൻ ജാദവ് അറിയിച്ചെന്നായിരുന്നു നേരത്തെ പാകിസ്ഥാന്‍ അറിയിച്ചത്. 

വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാൻ തയ്യാറായില്ലെന്നും പകരം താൻ സമർപ്പിച്ച ദയാഹർജിയിൽ തുടർനടപടി സ്വീകരിക്കാൻ കുൽഭൂഷൻ ജാദവ് ആവശ്യപ്പെട്ടെന്നുമായിരുന്നു പാക്കിസ്ഥാന്‍റെ വാദം. എന്നാല്‍ ഇത് തള്ളിയ ഇന്ത്യ, പാകിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നും കഴിഞ്ഞ നാല് വർഷമായി വിഷയത്തിൽ അനാവശ്യ പുകമറ സൃഷ്ടിക്കുകയാണെന്നും തിരിച്ചിടിച്ചിരുന്നു. 

ജാദവിന്‍റെ വധശിക്ഷ പുനപരിശോധിക്കാനുള്ള നിയമനടപടികൾക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നേരത്തേ ഉത്തരവിട്ടതാണ്. 2016 ലാണ് ഇന്ത്യയുടെ ചാരൻ എന്ന് ആരോപിച്ച് നാവിക സേന മുൻ കമാണ്ടറായിരുന്ന കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. 2017 ഏപ്രിലിൽ  ജാദവിനെ പാക് പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.