ഛണ്ഡീഗഢ്: പഞ്ചാബ് അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ ഡ്രോണ്‍. ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതോടെ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് സുരക്ഷാസേന. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ ഹുസ്സൈന്‍വാലയിലുള്ള അതിര്‍ത്തി ചെക്പോസ്റ്റില്‍  തിങ്കളാഴ്ച രാത്രിയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്.

പാകിസ്ഥാന്‍റെ ഭാഗത്തുനിന്നും  ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് എത്തിയ ഡ്രോണ്‍ ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പിന്നീട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് പൊലീസെത്തി തെരച്ചില്‍ ആരംഭിച്ചതായി ബിഎസ്എഫ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ പിന്നീട് അപ്രത്യക്ഷമായി. ഒരാഴ്ച മുമ്പാണ് പഞ്ചാബ് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ വഴി ആയുധങ്ങള്‍ പാകിസ്ഥാനില്‍ നിന്ന് എത്തിച്ചത്. ഈ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ്  അധികൃതര്‍.