ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ സാങ്കേതിക തകരാർ മൂലം അറബിക്കടലിൽ കുടുങ്ങിയ എംവി ഗൗതം എന്ന ഇന്ത്യൻ കപ്പലിന് പാകിസ്ഥാൻ നാവികസേന രക്ഷകരായി. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ സെന്ററിന്റെ അഭ്യർത്ഥന പ്രകാരം പാക് നാവികസേനയുടെ പിഎംഎസ്എസ് കശ്മീർ എന്ന കപ്പൽ സ്ഥലത്തെത്തി. 

ഇസ്ലാമാബാദ്: അറേബിക്കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് രക്ഷകരായി പാകിസ്ഥാൻ നാവിക സേന. കപ്പലിൽ നിന്നുള്ള അടിയന്തര സന്ദേശത്തെത്തുടർന്ന് പാകിസ്ഥാൻ നാവികസേന എത്തുകയും ജീവനക്കാർക്ക് ഭക്ഷണം, മെഡിക്കൽ, മറ്റ് അടിയന്തര സഹായം എന്നിവ നൽകുകയും ചെയ്തു. ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ എംവി ഗൗതം എന്ന കപ്പലാണ് സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് കുടുങ്ങിയതെന്ന് പാകിസ്ഥാൻ സൈനിക പ്രസ്താവനയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ ആൻഡ് കോർഡിനേഷൻ സെന്റർ ഇസ്ലാമാബാദിലെ അധികൃതരുമായി ബന്ധപ്പെടുകയും സഹായം തേടുകയും ചെയ്തതിനെത്തുടർന്നായിരുന്നു നടപടി. ആറ് ഇന്ത്യക്കാർക്കും ഒരു ഇന്തോനേഷ്യക്കാരനുമായിരുന്നു കപ്പലിലെ ജീവനക്കാർ.

പിഎംഎസ്എസ് കശ്മീർ എന്ന കപ്പലാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. എംവി ഗൗതമിന്റെ ക്രൂ അംഗങ്ങളെ സഹായിക്കുന്ന പാകിസ്ഥാൻ നാവികസേനയുടെ ബോട്ടിന്റെ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ഗൾഫ് ടൈംസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ മാസം, വടക്കൻ അറബിക്കടലിൽ കുടുങ്ങിയ കപ്പലിലെ 18 ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തിയതായി പാകിസ്ഥാൻ പറഞ്ഞിരുന്നു. പാകിസ്ഥാൻ തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ (ഏകദേശം 370 കിലോമീറ്റർ) അകലെ വടക്കൻ അറേബ്യൻ കടലിലെ വ്യാപാര കപ്പലായ (എംവി) ഗോൾഡിലെ 18 ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തിയെന്ന് പാകിസ്ഥാൻ സൈന്യം അന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Scroll to load tweet…