മീററ്റ് (ഉത്തര്‍പ്രദേശ്): ദില്ലിയിലെ രൂക്ഷമായ വായുമലിനീകരണത്തിന് പാകിസ്ഥാനെയും ചൈനയെയും കുറ്റപ്പെടുത്തി ബിജെപി നേതാവ് വിനീത് അഗര്‍വാള്‍ ശര്‍ദ. പാകിസ്ഥാനും ചൈനയും ഇന്ത്യയിലേക്ക് വിഷവാതകം തുറന്നുവിട്ടതാകാം എന്നും വിനീത് അഗര്‍വാള്‍ ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അധികാരത്തില്‍ എത്തിയത് മുതല്‍ പാകിസ്ഥാന്‍ അസ്വസ്ഥരാണ്.  ഇന്ത്യയെ പരാജയപ്പെടുത്താനുള്ള എല്ലാ തന്ത്രങ്ങളും പാകിസ്ഥാന്‍ ശേഖരിക്കുകയായിരുന്നു. എന്നാല്‍ ഒരു യുദ്ധത്തില്‍ പോലും ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിച്ചില്ല. പാകിസ്ഥാന്‍ വിഷവാതകം തുറന്നുവിട്ടോ എന്ന കാര്യം ഗൗരവകരമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം ദില്ലിയിലെ വായു മലിനീകരണം തടയുന്നതിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ അതിരൂക്ഷമായി സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. മലിനവായു ശ്വസിച്ച് ജനങ്ങൾ മരിക്കുമ്പോൾ സര്‍ക്കാരുകൾ ഒരു നടപടിയും എടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ദില്ലിയിൽ നടപ്പാക്കിയ വാഹന നിയന്ത്രണം കാര്യക്ഷമല്ലെന്നും കോടതി വിമർശിച്ചു. ദില്ലിയിൽ മാലിന്യങ്ങൾ കത്തിച്ചാൽ 5000 രൂപയും കെട്ടിടനിര്‍മ്മാണം നടത്തുന്നവര്‍ക്കെതിരെ ഒരു ലക്ഷം രൂപയും പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.