Asianet News MalayalamAsianet News Malayalam

അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തെ സ്വീകരിച്ച് പാകിസ്ഥാന്‍ പാര്‍ലമെന്‍റ്

സമാധാനശ്രമങ്ങളുടെ ഭാഗമായി  ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കുകയാണെന്ന് ഇമ്രാന്‍ പറഞ്ഞപ്പോള്‍ ഡെസ്കില്‍ അടിച്ചാണ് പാകിസ്ഥാന്‍ പാര്‍ലമെന്‍റ്  അംഗങ്ങള്‍ ആ വാര്‍ത്ത സ്വീകരിച്ചത്

pakistan parliment members welcomes the release of abhinandan
Author
Delhi, First Published Feb 28, 2019, 5:58 PM IST

ഇസ്മാബാദ്: ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളാവുകയും അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും യുദ്ധസജ്ജരായി മുഖാമുഖം വരികയും ചെയ്ത സാഹചര്യത്തിലാണ് പാകിസ്ഥാന്‍ പാര്‍ലമെന്‍റിന്‍റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്തത്. സമ്മേളനത്തില്‍ പങ്കെടുത്ത് സഭയെ അഭിസംബോധന ചെയ്തു സംസാരിച്ച ഇമ്രാന്‍ഖാന്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള നടപടികളെക്കുറിച്ചാണ് പ്രസംഗത്തില്‍ കൂടുതലായും സംസാരിച്ചത്. എന്നാല്‍ ഇന്ത്യ അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ പറഞ്ഞു. ഇതിനെല്ലാം ശേഷം പ്രസംഗത്തിന് ഏറ്റവും ഒടുവിലാണ് അഭിനന്ദനെ വിട്ടയക്കുന്ന കാര്യം ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. 

സംഘര്‍ഷഭരിതമായ ഒരു സാഹചര്യത്തിലാണ് അഭിനന്ദനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെങ്കിലും ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കുന്നതായുള്ള പ്രഖ്യാപനത്തെ ആഹ്ളാദത്തോടെ പാകിസ്ഥാന്‍ പാര്‍ലമെന്‍റിലെ അംഗങ്ങള്‍ സ്വീകരിക്കുന്ന കാഴ്ച്ചയാണ് പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ കണ്ടത്. സമാധാനശ്രമങ്ങളുടെ ഭാഗമായി  ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കുകയാണെന്ന് ഇമ്രാന്‍ പറഞ്ഞപ്പോള്‍ ഡെസ്കില്‍ അടിച്ചാണ് സഭയിലെ അംഗങ്ങള്‍ ആ വാര്‍ത്ത സ്വീകരിച്ചത്. ഇന്ത്യന്‍ പൈലറ്റിനെ വിട്ടയക്കണമെന്ന വികാരം പാകിസ്ഥാന്‍ പൊതുസമൂഹത്തില്‍ നേരത്തെ ഉയര്‍ന്നിരുന്നു. 


   
അതേസമയം പാകിസ്ഥാന് എന്തെങ്കിലും തരത്തിലുളള ഉപദ്രവം ഉണ്ടാക്കാത്ത പക്ഷം ഇന്ത്യയെ ദ്രോഹിക്കേണ്ട കാര്യം പാകിസ്ഥാനില്ലെന്ന് ഇമ്രാന്‍ ഖാന്‍ തന്‍റെ പ്രസംഗത്തിനിടെ പറഞ്ഞു. തലേദിവസം രാത്രി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും  അതിന് സാധിച്ചില്ലെന്ന് പറഞ്ഞ ഇമ്രാന്‍ബുധനാഴ്ച്ച രാത്രിയില്‍ പാകിസ്ഥാന് നേരെ മിസൈല്‍ ആക്രമണത്തിന് പാകിസ്ഥാന്‍ ശ്രമിച്ചെന്നും ഇത് പാക് സൈന്യം പ്രതിരോധിച്ചു പരാജയപ്പെടുത്തിയെന്നും അദ്ദേഹം പ്രസംഗത്തില്‍ ആരോപിച്ചു. 

ഇന്ത്യ എന്തെങ്കിലും ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തില്‍ അല്ല ഇപ്പോള്‍ അഭിനന്ദനെ വിട്ടയക്കുന്നത്.  ഒരു ഉപാധികളും വയ്ക്കാതെയാണ് ഇന്ത്യന്‍ പൈലറ്റിനെ തിരിച്ചയക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാന്‍ ഇങ്ങനെ ചെയ്യുന്നത്. മേഖലയില്‍ സമാധാനം നിലനിര്‍ത്തുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം പ്രസംഗത്തില്‍  ആവശ്യപ്പെട്ടു. 
 

Follow Us:
Download App:
  • android
  • ios