ദില്ലി: ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി ചന്ദ്രയാന്‍-2 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി ലോകത്തിന്‍റെ പലയിടങ്ങളില്‍ നിന്ന് പ്രതികരണങ്ങള്‍ വന്നിരുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്രയിലാണ് ഇപ്പോള്‍ ചന്ദ്രയാൻ 2.

അതേസമയം, പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയെ അഭിനന്ദിച്ചുള്ള നിരവധി പ്രതികരണങ്ങളാണ്  വരുന്നത്. അയല്‍ക്കാരായ തങ്ങള്‍ക്ക് ഇന്ത്യയുടെ നേട്ടം കൂടുതല്‍ പഠിക്കാനുള്ള അവസരമാണ് നല്‍കുന്നതെന്ന് നിരവധി പേര്‍ പാക്കിസ്ഥാനില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.

മികച്ച കാല്‍വെപ്പ്. ഇപ്പോള്‍ ഇന്ത്യ സാങ്കേതികവിദ്യയില്‍ പാക്കിസ്ഥാനേക്കാള്‍ ഏറെ മുന്നിലാണ്. പാക്കിസ്ഥാന്‍ ഇതില്‍ നിന്ന് പഠിക്കണമെന്ന് ലഹോര്‍ സ്വദേശിയായ സനാ അംജദ് യൂട്യൂബ് വീഡ‍ിയോയില്‍ പറയുന്നു. നിറഞ്ഞ മനസോടെ അഭിനന്ദിക്കുന്നു. അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. അതിന് ശേഷം വേണം എന്ത് ചെയ്യണമെന്ന് തീരുമാനിക്കണമെന്നാണ് മറ്റൊരാളുടെ പ്രതികരണം.

ഇന്ത്യയുടെ വളര്‍ച്ചയെ സൂക്ഷ്മതയോടെ നോക്കി കാണണമെന്ന് പ്രതികരിച്ചവരും ഏറെയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയെ തേടി അഭിനന്ദനപ്രവാഹം എത്തുന്നുണ്ട്. ഇസ്രായേലും യുഎസും ജര്‍മനിയുമെല്ലാം അക്കൂട്ടത്തില്‍പ്പെടുന്നു.