ഇന്ത്യയുടെ ആക്രമണത്തെ പാക് സേന ചെറുത്തെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അവകാശവാദം. ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്നാണ് പാക് ദേശീയ അസംബ്ലിയില്‍ അഭിസംബോധന ചെയ്ത് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്.  

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുടെ ആക്രമണത്തെ പാക് സേന ചെറുത്തെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ അവകാശവാദം. ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ത്തുവെന്നാണ് പാക് ദേശീയ അസംബ്ലിയില്‍ അഭിസംബോധന ചെയ്തുകൊണ്ട് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്.

ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നാണ് ദേശീയ അസംബ്ലിയില്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് വ്യക്തമാക്കിയത്. സൈന്യത്തിന് പൂര്‍ണ്ണ ഉത്തരവാദിത്തം നല്‍കിയിരിക്കുകയാണ്. അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ തകര്ത്തുവെന്നും അവകാശ വാദം. ദേശീയ സുരക്ഷ സമിതി യോഗത്തിലും ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്‍കിയെന്നാണ് പാക് പ്രധാനമന്ത്രി അവകാശവാദം. തുടര്‍ ആക്രമണത്തിനുള്ള സമയവും സാഹചര്യവും സൈന്യത്തിന് സ്വീകരിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ജമ്മുകാശ്മീര്‍, ഗുജറാത്ത്, രാജസ്ഥാന്‍ അതിര്‍ത്തികളാണ് പാകിസ്ഥാന്‍ ഉന്നം വയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാഷ്ട്രീയമായും സാമ്പത്തികമായും ദുര്‍ബലമായ പാകിസ്ഥാന് തിരിച്ചടിക്ക് ശേഷിയില്ലെന്നും വിലയിരുത്തപ്പെടുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ആഭ്യന്തര വിമാന സര്‍വീസുകള്‍ 36 മണിക്കൂര്‍ നേരം റദ്ദാക്കി. വ്യോമപാതയും പൂര്‍ണ്ണമായും അടച്ചു. സ്കൂളുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

അതേസമയം, ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാര ചടങ്ങില്‍ പാക് സൈനിക ഉദ്യോഗസ്ഥരടക്കം പങ്കെടുത്തത് തീവ്രവാദത്തിന് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണയുടെ തെളിവായി. ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യാക്കൂബ് മുഗൾ എന്ന ഭീകരന്‍റെ സംസ്കാര ചടങ്ങിൽ ഐഎസ്ഐ, പാക് പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയുള്ള നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുസഫറാബാദിലെ ബിലാല്‍ ടെറര്‍ ട്രെയിനിംഗ് ക്യാമ്പിന്റെ മേൽനോട്ടം വഹിക്കുന്നയാളാണ് യാക്കൂബ് മുഗൾ. സംസ്കാര ചടങ്ങിൽ യൂണിഫോമിലും അല്ലാതെയും നിരവധിയാളുകളെ കാണാം. ഇതിൽ യൂണിഫോമിലല്ലാതെ നിൽക്കുന്നവരിൽ പാകിസ്ഥാന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

പാകിസ്ഥാൻ റെഡ് അലർട്ട്

പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു. അതേസമയം, ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് പാക് സർക്കാർ നിർദ്ദേശം നല്‍കി. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.