ദില്ലി: ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പരിഹസിച്ച് പാകിസ്ഥാൻ. ലാഹോറിലെ യുദ്ധമ്യൂസിയത്തിൽ അഭിനന്ദന്റെ പ്രതിമ സ്ഥാപിച്ച്, അതിനോടൊപ്പം ചായക്കപ്പും  വച്ചതാണ് വിവാദമായിരിക്കുന്നത്. പാകിസ്ഥാനി മാധ്യമപ്രവർത്തകൻ പ്രതിമയുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചു.

ബാലാക്കോട്ട് ആക്രമണത്തിന് മറുപടിയായുണ്ടായ പാകിസ്ഥാൻ നടപടിക്കിടെയാണ് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാന്‍റെ പിടിയിലായത്. സമ്മർദ്ദത്തെ തുടർന്ന് മാർച്ച് ഒന്നിന് തന്നെ അഭിനന്ദനെ ഇന്ത്യക്ക് കൈമാറിയെങ്കിലും അന്ന് മുതൽ പാകിസ്ഥാനിൽ അഭിനന്ദനെതിരെ ട്രോളുകൾ വ്യാപകമാണ്. ചോദ്യം ചെയ്യുന്ന സമയത്ത് അഭിനന്ദൻ വർദ്ധമാൻ ഒരു ചായക്കപ്പുമായി നിൽക്കുന്ന ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടിരുന്നു. 

Read Also: അഭിനന്ദന്‍ വര്‍ദ്ധമാനെ ഐഎസ്ഐ 40 മണിക്കൂറോളം പീഡിപ്പിച്ചിരുന്നെന്ന് വെളിപ്പെടുത്തല്‍

പാകിസ്ഥാൻ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ രാജ്യരഹസ്യങ്ങളൊന്നും പുറത്തുവിടാതിരുന്ന അഭിനന്ദൻ, അത്തരം കാര്യങ്ങളൊന്നും താന്‍ പുറത്തുപറയാൻ പാടുള്ളതല്ല എന്നാണ് മറുപടി നൽകിയത്.
ചോദ്യം ചെയ്യലിനൊടുവില്‍ ചായ നന്നായിരുന്നു, നന്ദി എന്ന് അഭിനന്ദന്‍ പറയുന്നതും പാകിസ്ഥാന്‍ പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നു. 

ആ സമയത്ത് അഭിനന്ദനും ഭാര്യയും തമ്മിലുള്ള ഫോൺസംഭാഷണം റെക്കോഡ് ചെയ്ത് രഹസ്യങ്ങള്‍ തേടാനും പാകിസ്ഥാന്‍റെ ഇന്‍റര്‍സര്‍വ്വീസ് ഇന്‍റലിജന്‍സ് ശ്രമിച്ചിരുന്നു. എന്നാല്‍, വളരെ തന്ത്രപരമായാണ് അപ്പോള്‍ ഇരുവരും പെരുമാറിയത്.

ഫോണ്‍ വിളി വരുന്നതിന് കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പാണ് അഭിനന്ദൻ വർദ്ധമാൻ ചായക്കപ്പുമായി നിൽക്കുന്ന ദൃശ്യങ്ങൾ ഭാര്യ കണ്ടത്. അതേപ്പറ്റി ചോദിച്ചപ്പോള്‍ ചായ നന്നായിരുന്നു  എന്നാണ് അഭിനന്ദന്‍ മറുപടി പറഞ്ഞത്. ഈ വീഡിയോയെയാണ് പാകിസ്ഥാന്‍ പിന്നീട് ട്രോളാക്കി പ്രചരിപ്പിച്ചത്. 

Read Also: 'ആ റെസിപ്പി ഇങ്ങ് കൊണ്ടുവരണേ'; പാകിസ്താനില്‍ നിന്ന് വിളിച്ചപ്പോള്‍ അഭിനന്ദന്‍ വര്‍ധമാനോട് ഭാര്യ പറഞ്ഞത്

പാകിസ്ഥാനി മാധ്യമപ്രവർത്തകനായ അൻവർ ലോധിയാണ് മ്യൂസിയത്തില്‍ നിന്നുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്. അരികിൽ വച്ച ചായക്കപ്പ് അഭിനന്ദന്റെ കയ്യിൽ കൊടുത്തിരുന്നെങ്കിൽ ഗംഭീരമായേനെ എന്ന് കുറിച്ചുകൊണ്ടാണ് ലോധി ചിത്രം പങ്കുവച്ചത്. ഇന്ത്യാ പാകിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് മാച്ചിന് മുമ്പ്  പാകിസ്ഥാൻ ചാനലിൽ അഭിനന്ദനെ കളിയാക്കി ഇറക്കിയ പരസ്യവും നേരത്തെ വിവാദമായിരുന്നു. 

Read Also:അഭിനന്ദൻ വര്‍ധമാനെ പരിഹസിച്ച പാക് വീഡിയോ; ഇന്ത്യന്‍ മറുപടി അതുക്കും മേലെ..!