Asianet News MalayalamAsianet News Malayalam

'ആ റെസിപ്പി ഇങ്ങ് കൊണ്ടുവരണേ'; പാകിസ്താനില്‍ നിന്ന് വിളിച്ചപ്പോള്‍ അഭിനന്ദന്‍ വര്‍ധമാനോട് ഭാര്യ പറഞ്ഞത്!

സൗദി നമ്പരില്‍ നിന്നുള്ള വിളി ഫോണിലേക്ക് വന്നപ്പോള്‍ തന്നെ, വ്യോമസേനയില്‍ പൈലറ്റായിരുന്ന തന്വി ജാഗ്രതയിലായി. ഭര്‍ത്താവിന്റെ സ്വരം മറുവശത്ത് നിന്ന് കേട്ടതോടെ അത് ഐഎസ്‌ഐയില്‍ നിന്നാണെന്ന് അവര്‍ മനസ്സിലാക്കി.
 

Wing Commander Abhinandan Varthaman wife Tanvi Marwah
Author
Delhi, First Published Apr 1, 2019, 6:59 PM IST

ദില്ലി: 'ആ റെസിപ്പി ഇങ്ങ് കൊണ്ടുവരണേ' പാകിസ്താന്റെ പിടിയിലായ ഭര്‍ത്താവ് അഭിനന്ദന്‍ വര്‍ധമാന്‍ ഫോണ്‍ ചെയ്തപ്പോള്‍ തന്വി മാര്‍വ്വയ്ക്ക് പറയാനുണ്ടായിരുന്നത് ഇതായിരുന്നു!

പാകിസ്താന്റെ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) കസ്റ്റഡിയിലായിരുന്നു അപ്പോള്‍ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍. സൗദി നമ്പരില്‍ നിന്നുള്ള വിളി ഫോണിലേക്ക് വന്നപ്പോള്‍ തന്നെ, വ്യോമസേനയില്‍ പൈലറ്റായിരുന്ന തന്വി ജാഗ്രതയിലായി. ഭര്‍ത്താവിന്റെ സ്വരം മറുവശത്ത് നിന്ന് കേട്ടതോടെ അത് ഐഎസ്‌ഐയില്‍ നിന്നാണെന്ന് അവര്‍ മനസ്സിലാക്കി, കോള്‍ റെക്കോഡ് ചെയ്യുകയും ചെയ്തു. 

അഭിനന്ദന്റെ വിവരങ്ങളന്വേഷിച്ച ശേഷം തന്വിക്ക് അറിയാനുണ്ടായിരുന്നത് കുട്ടികളോട് എന്ത് പറയണം എന്നായിരുന്നു.അച്ഛന്‍ ജയിലിലാണെന്ന് പറയൂ എന്നായിരുന്നു അഭിനന്ദന്റെ മറുപടി.

ആ ഫോണ്‍ വിളി വരുന്നതിന് കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് പാകിസ്താന്‍ പുറത്തുവിട്ട വീഡിയോയില്‍ അഭിനന്ദ് ചായ കുടിച്ചുകൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ തന്വി കണ്ടിരുന്നു. അതേപ്പറ്റിയായി പിന്നീടുള്ള സംസാരം.

'ചായ എങ്ങനെയുണ്ടായിരുന്നു' തന്വി ചോദിച്ചു
'നന്നായിരുന്നു' അഭിനന്ദന്റെ മറുപടി
'ഞാനുണ്ടാക്കുന്നതിനെക്കാള്‍ നല്ലതായിരുന്നോ?'
'അതെ' (ചിരി)
'എങ്കില്‍ ആ റെസിപ്പി ഇങ്ങ് കൊണ്ടുവരണേ'......

ഫെബ്രുവരി 27നായിരുന്നു വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താന്റെ പിടിയിലായത്. തുടര്‍ന്ന് 60 മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ ഇന്ത്യക്ക് വിട്ടുകിട്ടിയത്. 

(പ്രതിരോധമന്ത്രാലയ വൃത്തങ്ങളെ അടിസ്ഥാനപ്പെടുത്തി 'ദി  പ്രിന്റ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ നിന്ന്‌)

Follow Us:
Download App:
  • android
  • ios