ബിപിന്‍ റാവത്തടക്കം 14 പേര്‍ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടര്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിന്‍ റാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. 

ദില്ലി: ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും (Bipin Rawat) ഭാര്യയുമടക്കം 13 പേര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ (Helicopter crash) കൊല്ലപ്പെട്ട സംഭവത്തെ പരിഹസിച്ചും സന്തോഷം പ്രകടിപ്പിച്ചും പാകിസ്ഥാനിലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ (Pakistan Twitter handles). പലരും ചിരിക്കുന്ന ഇമോജികളുപയോഗിച്ചാണ് വാര്‍ത്തക്ക് പ്രതികരണമറിയിച്ചത്. അപകടം നടന്ന ആദ്യമണിക്കൂറില്‍ ബിപിന്‍ റാവത്ത് മരിച്ചത് സ്ഥിരീകരിച്ചിരുന്നില്ല. ഈ വാര്‍ത്തക്ക് സങ്കടം, ബിപിന്‍ റാവത്ത് മരിച്ചില്ലല്ലോ എന്നാണ് സീഷാന്‍ അഫ്രീദി എന്നയാള്‍ ട്വീറ്റ് ചെയ്തത്. ചിലര്‍ ബിപിന്‍ റാവത്ത് നരകത്തില്‍പോകട്ടെയെന്നും ട്വീറ്റ് ചെയ്തു. റാവത്തിന്റെ മരണം പെരുന്നാളാണെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു. ബിപിന്‍ റാവത്തിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യന്‍ വ്യോമസേനയാണെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. യുപി തെരഞ്ഞെടുപ്പില്‍ സഹാതപ തരംഗത്തിനായി ഇന്ത്യന്‍ സര്‍ക്കാറാണ് റാവത്തിന്റെ മരണത്തിന് പിന്നിലെന്നും ചിലര്‍ ആരോപിച്ചു. ന്യൂസ് 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ബിപിന്‍ റാവത്തിന്റെ മരണത്തിന്റെ പാകിസ്ഥാന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളുടെ പ്രതികരണം

ബിപിന്‍ റാവത്തടക്കം 14 പേര്‍ സഞ്ചരിച്ച വ്യോമസേനാ ഹെലികോപ്ടര്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടിലെ കൂനൂരിന് സമീപമായിരുന്നു അപകടം. ബിപിന്‍ റാവത്തിനൊപ്പം ഭാര്യയും മറ്റ് ജീവനക്കാരും ഉണ്ടായിരുന്നു. വ്യോമസേനയുടെ മികവുറ്റ ഹെലികോപ്ടറുകളിലൊന്നായ എംഐ- 17വി5 ആയിരുന്നു അപകടത്തില്‍ പെട്ടത്. മി-എട്ട് ഹെലികോപ്ടറുകളുടെ റഷ്യന്‍ നിര്‍മ്മിത സൈനിക-ഗതാഗത പതിപ്പാണ് എംഐ- 17വി5. സൈനിക വിന്യാസം, ആയുധ വിതരണം, അഗ്‌നിശമന സഹായം, പട്രോളിംഗ്, സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ദൗത്യങ്ങള്‍ തുടങ്ങി വിവിധോപയോഗ ഹെലികോപ്ടറാണിത്. ലോകത്തിലെ ഏറ്റവും നൂതനമായ സൈനിക ഗതാഗത ഹെലികോപ്ടറുകളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്.

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെയുള്ള 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള വിലാപയാത്ര കോയമ്പത്തൂര്‍ സൂലൂരിലെ വ്യോമ താവളത്തിലേക്ക് തിരിച്ചു. വെല്ലിംങ്ങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നിന്ന് റോഡ് മാര്‍ഗമാണ് യാത്ര. പരേഡ് ഗ്രൗണ്ടില്‍ പൂര്‍ണ്ണ ബഹുമതികള്‍ നല്‍കിയാണ് സൈനിക ഉദ്യോഗസ്ഥരെ യാത്രയാക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, വ്യോമസേന മേധാവി വി ആര്‍ ചൗധരി, തമിഴ്‌നാട് മന്ത്രിസഭയിലെ അംഗങ്ങള്‍, ഗവര്‍ണര്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വിലാപ യാത്രയ്ക്ക് വഴിനീളെ പുഷ്പ വൃഷ്ടി നടത്തുകയാണ് നാട്ടുകാര്‍. വൈകിട്ടോടെ സുലൂരിലെ വ്യോമ താവളത്തിലെത്തുന്ന ഭൗതിക ശരീരങ്ങള്‍ പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് പുറപ്പെടും.