പാകിസ്ഥാൻ പൗരയായിരുന്ന സീമ ഹൈദര്‍ 2 വ‍ർഷങ്ങൾക്കു മുൻപാണ് ഇന്ത്യയിലെത്തിയത്.

നോയിഡ: സീമ ഹൈദറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. തനിക്കെതിരെ സീമ ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ചാണ് വീട് അതിക്രമിച്ചു കയറിയത്. ഗുജറാത്തിലെ സുരേന്ദർ നഗറിൽ താമസിക്കുന്ന തേജസ് ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ഇന്നലെ വൈകുന്നേരം 7 മണിയോടെയാണ് സംഭവം. ഗുജറാത്തിൽ നിന്ന് ദില്ലിയിലേക്കുള്ള ട്രെയിനിന്റെ ജനറൽ കോച്ച് ടിക്കറ്റാണ് ഇയാൾ എടുത്തത്. ദില്ലി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസിലാണ് ഇയാൾ ഗ്രാമത്തിലെത്തിയത്. സീമയുടെ സ്‌ക്രീൻഷോട്ടുകൾ ഇയാളുടെ മൊബൈൽ ഫോണിൽ ഉണ്ടെന്നും റബുപുര കോട്‌വാലി ഇൻചാർജ് സുജീത് ഉപാധ്യായ പിടിഐയോട് പറഞ്ഞു. തേജസിനെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ പൗരയായിരുന്ന സീമ ഹൈദര്‍ 2 വ‍ർഷങ്ങൾക്കു മുൻപാണ് ഇന്ത്യയിലെത്തിയത്. പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട നോയിഡ സ്വദേശി സച്ചിന്‍ മീണയ്ക്കൊപ്പം ജീവിക്കാനായാണ് സീമ ഇന്ത്യയിലെത്തിയത്. ഇതു മുതൽ ഇവ‍ർ വാർത്തകളിൽ ഇടംപിടിച്ചു വരികയായിരുന്നു. നിലവില്‍ സീമ സോഷ്യല്‍മീഡിയ കണ്ടന്റ് ക്രിയേറ്ററാണ്. സീമയ്‌ക്കൊപ്പം സച്ചിനും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. നേപ്പാള്‍ അതിര്‍ത്തി വഴിയായിരുന്നു യുവതി ഇന്ത്യയിലേക്ക് അനധികൃതമായി കടന്നത്. പഹൽഗാം ആക്രമണത്തെത്തുടർന്നുണ്ടായ സാഹചര്യത്തിൽ ഞാന്‍ ഇന്ത്യയുടെ മരുമകളാണ്, മോദിജിയും യോഗിജിയും എനിക്ക് അഭയം തരണമെന്നടക്കം സീമ പ്രതികരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...