2024ൽ പാലം ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുരക്ഷാ കമ്മിഷണർ ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്ന് ഉദ്ഘാടനം നീട്ടി.
ചെന്നൈ: ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ പാമ്പൻ പാലം ഈ മാസം ഉദ്ഘാടനം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. മണ്ഡപത്തെ രാമേശ്വരവുമായി ബന്ധിപ്പിക്കുന്ന പാമ്പൻ പാലം, തൈപ്പൂയ ആഘോഷദിവസമായ ഫെബ്രുവരി 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം ഉദ്ഘാടനം ചെയ്തേക്കുമെന്നാണ് സൂചന. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൈപ്പൂയ ദിനത്തിൽ ഉദ്ഘാടനമുണ്ടായേക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
പഴയ പാമ്പൻ പാലത്തിന് സമാന്തരമായി 2070 മീറ്റർ നീളത്തിലാണ് പുതിയ റെയിൽപ്പാലം നിർമിച്ചത്. നിലവിലുള്ള പാലത്തേക്കാൾ മൂന്ന് മീറ്റർ ഉയരത്തിലാണ് പുതിയ പാലം. കപ്പലുകൾക്ക് കടന്നുപോകാൻ ഉയർത്താൻ കഴിയുന്ന രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്ടിങ് കടൽപ്പാലമാണിതെന്ന പ്രത്യേകതയുമുണ്ട്. 2024ൽ പാലം ഉദ്ഘാടനം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുരക്ഷാ കമ്മിഷണർ ആശങ്കകൾ ഉന്നയിച്ചതിനെത്തുടർന്ന് ഉദ്ഘാടനം നീട്ടി.
തുടർന്ന്, വിദഗ്ധസമിതി അനുകൂല റിപ്പോർട്ട് നൽകിയതോടെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കന്യാകുമാരി-രാമേശ്വരം ത്രൈവാര എക്സ്പ്രസ് പാലം കടന്ന് രാമേശ്വരത്തെത്തി. ചെന്നൈ എഗ്മോർ - രാമേശ്വരം സേതു എക്സ്പ്രസിൻ്റെ റേക്കും പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പാലത്തിലൂടെ കടത്തിവിട്ടു.
