ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി. ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച രാത്രി 10:30നാണ് ഇരുമ്പ് അയിരുമായി പോയ കപ്പൽ അപകടത്തിൽപെട്ടത്.
ഭുവനേശ്വർ: ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി അപകടം. ഒഡീഷയിൽനിന്ന് ഇരുമ്പ് അയിരുമായി ചൈനയിലേക്ക് തിരിച്ച കപ്പലാണ് ബംഗാൾ ഉൾക്കടലിൽ അപകടത്തിൽപെട്ടത്. ഒഡീഷൻ തീരത്തുനിന്ന് 240 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം. പനാമ പതാക വഹിച്ച എംവി ഓഷ്യൻ വിന്നർ എന്ന കപ്പലാണ് അപകടത്തിൽപെട്ടത്. 24 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഇന്ത്യൻ നേവിയും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഓഗസ്റ്റ് 20ന് രാത്രി 10:30 ഓടെ ആണ് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തുനിന്ന് കപ്പൽ പുറപ്പെട്ടത്. 1700 ടൺ ഇരുമ്പ് അയിരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ജീവനക്കാരിൽ 20 പേർ ചൈനീസ് പൗരന്മാരാണ്. മൂന്നുപേർ മ്യാന്മാറിൽ നിന്ന് ഉള്ളവരും ഒരാൾ ബംഗ്ലാദേശിയുമാണ്. എത്ര ജീവനക്കാര രക്ഷപ്പെടുത്തിയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മൂന്നുപേരെ രക്ഷിച്ചു എന്ന് റിപ്പോർട്ടുണ്ട്.
കോസ്റ്റ് ഗാർഡിൻ്റെ വരദ്, അൻമോൾ കപ്പലുകൾ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. മറ്റൊരു കപ്പലായ വിജിത്തും സംഭവസ്ഥലത്തേക്ക് എത്തും.


