ജനിച്ചിട്ട് മണിക്കൂറുകൾ പോലും ആവാത്ത പിഞ്ചുകുഞ്ഞിനെ അജ്ഞാതർ കൊടും തണുപ്പിൽ മരവിച്ച് മരിക്കാൻ ഉപേക്ഷിച്ചപ്പോൾ കാവലായി ഒരു കൂട്ടം തെരുവുനായ്ക്കൾ
കൊൽക്കത്ത: രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് സ്വദേശികൾക്കും വിദേശികൾക്കും തെരുവുനായ ആക്രമണത്തിൽ പരിക്കേൽക്കുന്ന വാർത്തകൾ ഇപ്പോൾ പതിവാണ്. എന്നാൽ ജനിച്ചിട്ട് മണിക്കൂറുകൾ പോലും ആവാത്ത പിഞ്ചുകുഞ്ഞിനെ അജ്ഞാതർ കൊടും തണുപ്പിൽ മരവിച്ച് മരിക്കാൻ ഉപേക്ഷിച്ചപ്പോൾ കാവലായി ഒരു കൂട്ടം തെരുവുനായ്ക്കൾ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നിന്ന് അപൂർവ്വ കാഴ്ച. വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞ് വരെ തെരുവുനായ ആക്രമണത്തിന് ഇരയായ സംഭവങ്ങൾക്കിടെയാണ് പിഞ്ചു കുഞ്ഞിന് തെരുവുനായകൾ സംരക്ഷകരായത്. രക്ഷാ പ്രവർത്തകർ എത്തും വരെ കുഞ്ഞിന് കാവലും കൊടും തണുപ്പിൽ ചൂടും പകർന്നാണ് തെരുവുനായകൾ ചുറ്റും നിന്നത്. നാദിയയിലെ റെയിൽവേ ജീവനക്കാരുടെ കോളനിക്ക് സമീപത്തെ ശുചിമുറിക്ക് പുറത്താണ് ചോരക്കുഞ്ഞിനെ അജ്ഞാതർ ഉപേക്ഷിച്ചത്.
ചോരപ്പാട് പോലും തുടയ്ക്കാൻ ശ്രമിക്കാതെ ഉറ്റവർ, കാവലായി തെരുവ് നായ്ക്കൾ
ജനിച്ചിട്ട് മണിക്കൂറുകൾ മാത്രം ആയെന്ന് വ്യക്തമായ കുഞ്ഞിന്റെ ശരീരത്തിൽ രക്തമടക്കം ഉണ്ടായിരുന്നെങ്കിലും ഒരു ചെറിയ തുണി പോലും ഉപേക്ഷിച്ചവർ ഇട്ടിരുന്നില്ല. കൊടും തണുപ്പിൽ കുഞ്ഞ് മരിച്ച് പോകുമെന്നോ നായ്ക്കൾ കടിക്കുമെന്നോയുള്ള ധാരണയിലാണ് അജ്ഞാതർ കൊടുംക്രൂരത കാണിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ മേഖലയിൽ ഉണ്ടായിരുന്ന തെരുവുനായകളുടെ കൂട്ടം പിഞ്ചുകുഞ്ഞിനെ കണ്ട് പാഞ്ഞെത്തി സംരക്ഷണം ഒരുക്കുകയായിരുന്നു. കുരച്ച് ബഹളം വയ്ക്കുകയോ അനങ്ങുകയോ ചെയ്യാതെ ഇവ രാത്രി മുഴുവൻ പിഞ്ചുകുഞ്ഞിന് സംരക്ഷണമൊരുക്കുകയായിരുന്നു. രാത്രിയിൽ തങ്ങളല്ലാതെ മറ്റൊന്നും കുഞ്ഞിന് അടുത്തേക്ക് എത്താൻ ഇവ അനുവദിച്ചില്ലെന്നാണ് പ്രദേശവാസികൾ മാധ്യമങ്ങളോട് വിശദമാക്കിയത്. നായകൾ കാവലിരിക്കുന്ന നിലയിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത് പ്രദേശവാസിയായ സുക്ല മൊണ്ടൽ ആണ്. നായകൾ കൂടി നിൽക്കുന്നത് കണ്ട് ഇവിടേക്ക് എത്തിയപ്പോൾ ഒന്ന് കുരച്ച് ബഹളം വയ്ക്കാനോ തന്നെ ഓടിക്കാനോ ഇവ ശ്രമിച്ചില്ലെന്നാണ് സുക്ള മൊണ്ടൽ വിശദമാക്കുന്നത്. കുഞ്ഞ് ജീവന് വേണ്ടി പൊരുതുന്നതായി അവയ്ക്ക് മനസിലായിരുന്നിരിക്കുമെന്നാണ് പ്രദേശവാസികൾ വിശദമാക്കുന്നത്.
രാവിലെ കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തന്റെ പക്കലുണ്ടായിരുന്ന ദുപ്പട്ടയിൽ കുഞ്ഞിനെ പൊതിഞ്ഞ് എടുക്കുന്നത് വരെ നായകൾ ചുറ്റും നിന്നുവെന്നാണ് സുക്ള മൊണ്ടൽ വിശദമാക്കുന്നത്. കുഞ്ഞിനെ മഹേഷ് ഗഞ്ച് ആശുപത്രിയിലും പിന്നീട് കൃഷ്ണനഗർ സാദർ ആശുപത്രിയിലേക്കും എത്തിച്ചു. കുഞ്ഞിന്റെ ശരീരത്ത് പരിക്കുകൾ ഇല്ലെന്നും ജനന സമയത്തുണ്ടായ ചോരയുടെ പാടുകൾ മാത്രമാണ് ഉള്ളതെന്നുമാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്. പ്രദേശവാസികളായ ആരോ ആണ് കുഞ്ഞിനെ ഇവിടെ ഉപേക്ഷിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്. സംഭവത്തിൽ നബാദ്വിപ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ ശിശു സംരക്ഷണ വകുപ്പിന്റെ കരുതലിലാണ് കുഞ്ഞുള്ളത്. ജോലിക്കായി പുറത്തിറങ്ങുമ്പോൾ ഓടിച്ചിട്ട് ആക്രമിക്കാറുള്ള അതേ നായ്ക്കളാണ് പിഞ്ചുകുഞ്ഞിന് കാവലായതെന്നത് അത്ഭുതപ്പെടുത്തിയെന്നാണ് നാട്ടുകാർ പ്രതികരിക്കുന്നത്. മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


