ദില്ലി: പാര്‍ലമെന്‍റ് കാന്‍റീനില്‍ വൈകാതെ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഭക്ഷണവിതരണം നടത്തുന്ന ഇന്ത്യന്‍ റെയില്‍വെയുടെ ഐആര്‍സിടിസിയെ മാറ്റാനൊരുങ്ങുന്നതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാന്‍റീനിലെ സബ്സിഡി എടുത്തുകളയാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഐആര്‍സിടിസിയെ മാറ്റി സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കാന്‍ ഒരുങ്ങുന്നത്. 

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം ബിക്കാനീര്‍വാല, ഹല്‍ദിറാം എന്നീ രണ്ട് കമ്പനികളെയാണ് പരിഗണിക്കുന്നത്. രണ്ടു കമ്പനികളും മാംസാഹാരങ്ങള്‍ വിതരണം ചെയ്യുന്നില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും നടപടികള്‍ പൂര്‍ത്തിയായതായാണ് വിവരം. ഇക്കാര്യത്തില്‍ സ്പീക്കര്‍ ഓംബിര്‍ളയാണ് അന്തിമ തീരുമാനം എടുക്കുക. 

ഭക്ഷണത്തിന്‍റെ മെനു സംബന്ധിച്ച് ബിരിയാണിയും ചിക്കന്‍ കട്‍ലെറ്റിനും മത്സ്യാഹാരത്തിനും പകരം കിച്ചടി, പൊങ്കല്‍, ഫ്രൂട്സ്, ജ്യൂസ് എന്നിവയാണ് പ്രധാനമായും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തോടെ തീരുമാനം നിലവില്‍ വരുമെന്നാണ് വിവരം.