ദില്ലി: പെട്രോൾ-ഡീസൽ വിലവർദ്ധനയിലെ പ്രതിഷേധത്തിൽ പാർലമെൻറ് നടപടികൾ സ്തംഭിച്ചു. പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയതോടെ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് നിരവധി എംപിമാർ ആവശ്യപ്പെട്ടു. 

രാജ്യസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയ്ക്കുള്ള ആദ്യ ദിനം തന്നെമല്ലികാർജ്ജുന ഖർഗെ കർശന നിലപാടുകളാണ് സ്വീകരിച്ചത്. പെട്രോൾ വില ചില സ്ഥലങ്ങളിൽ നൂറ് കടന്നപ്പോഴും നികുതി കുറയ്ക്കാൻ എന്തു കൊണ്ട് സർക്കാർ തയ്യാറാകുന്നില്ലെന്ന് ഖർഗെ ചോദിച്ചു

ധനകാര്യബില്ലിന്മേൽ വിശദ ചർച്ച നിശ്ചയിച്ചിട്ടുള്ളതിനാൽ പ്രത്യേക ചർച്ച ആവശ്യമില്ലെന്ന് അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവും പ്രതികരിച്ചു. പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയതോടെ സഭ നിറുത്തി വച്ചു. ലോക്സഭയിൽ കെ മുരളീധരൻ ഉൾപ്പടെയുള്ളവർ വിലക്കയറ്റം ഉന്നയിച്ച് അടിയന്തരപ്രമേയ നോട്ടീസ് നല്കിയിട്ടുണ്ട്.

അടുത്ത മാസം എട്ടു വരെയാണ് ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടം നിശ്ചയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സമ്മേളനം ഒരാഴ്ചയായി ചുരുക്കണമെന്ന് 145 എംപിമാർ ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി. കേരളത്തിലെ എംപിമാരും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കടുത്ത നിലപാട് എടുക്കാനാണ് പ്രതിപക്ഷ തീരുമാനം. കർഷകസമരത്തിൽ പ്രത്യേക ചർച്ചയും പ്രതിപക്ഷം ആവശ്യപ്പെടുന്നു.