ദില്ലി: പൗരൻമാരുടെ അവകാശം ഉറപ്പാക്കാനും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനും എന്തു ചെയ്യണം എന്നതിൽ നിലപാട് അറിയിക്കണമെന്ന് ഫേസ്ബുക്കിനോട് പാർലമെന്റിന്റെ ഐ ടി സ്ഥിരം സമിതി. ഫേസ്ബുക്ക് ഉദ്യോഗസ്ഥരോട് ഹാജരാകാൻ നിർദ്ദേശിച്ച് സമിതി നോട്ടീസയച്ചു. അടുത്തമാസം രണ്ടിന് ഹാജരാകാനാണ് നോട്ടീസ് നല്കിയത്.

ഫേസ്ബുക്ക് ദുരുപയോഗം തടയുന്നതാണ് നോട്ടീസിൽ വിഷയമായി വിഷയമായി നല്കിയിരിക്കുന്നത്. ബിജെപി നേതാക്കളുടെ വിവാദ പോസ്റ്റുകൾ നീക്കം ചെയ്തില്ലെന്ന ആരോപണം നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഏകപക്ഷീയമായി ഈ വിഷയത്തിൽ ഇടപെടുന്ന ശശി തരൂരിനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി ആവശ്യപ്പെടുന്നതിനിടെയാണ് ഇന്നലെ വൈകിട്ട് ഫേസ്ബുക്കിനുള്ള നോട്ടീസ് അയച്ചത്.

പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തലവനായ ശശി തരൂർ മറ്റ് അംഗങ്ങളോട് ആലോചിക്കാതെയാണ് ഫേസ്ബുക്ക് പ്രതിനിധികളെ വിളിച്ചുവരുത്തുമെന്ന പ്രസ്താവന നടത്തിയതെന്ന് ആരോപിച്ചാണ് ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയത്. തരൂര്‍ നിയമം ലംഘിച്ചെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ആരോപിച്ചു. ആരെയും വിളിച്ചുവരുത്തുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍, കമ്മിറ്റിയിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിന് പകരം മാധ്യമങ്ങളുമായാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം വിമര്‍ശിച്ചു. ശശി തരൂരിനെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥാനത്തുനിന്ന് നീക്കണമെന്ന് നിഷികാന്ത് ദുബേ കത്തിലൂടെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.