അതേസമയം, ജഗദീപ് ധൻകറിന്‍റെ രാജിയിൽ ചർച്ചയില്ലെന്ന സർക്കാർ നിലപാട് രാജ്യസഭയിൽ ഉപാധ്യക്ഷൻ വ്യക്തമാക്കി

ദില്ലി: ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ പുക‌ഞ്ഞ് പാർലമെൻറ്. ചർച്ച വേണമെന്ന ആവശ്യം തള്ളിയതിലെ പ്രതിഷേധത്തിൽ സ്തംഭിച്ച ലോക്സഭ രണ്ട് മണി വരെ നിർത്തിവച്ചു. കള്ളവോട്ട് പ്രോത്സാഹിപ്പിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. ജഗദീപ് ധൻകറിൻറെ രാജിയിൽ ചർച്ചയില്ലെന്ന സർക്കാർ നിലപാട് രാജ്യസഭയിൽ ഉപാധ്യക്ഷൻ വ്യക്തമാക്കി.

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെന്‍റിന്‍റെ പ്രധാന കവാടത്തിൽ സോണിയ ഗാന്ധിയടക്കം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി മുദ്രാവാക്യം മുഴക്കി. ലോക് സഭ തുടങ്ങിയ ഉടൻ തന്നെ ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 

മുദ്രാവാക്യം മുഴക്കിയും പ്ലക്കാർഡുയർത്തിയും പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ജെഡിയു അംഗം ഗിരിധരി യാദവ് വിമർശിച്ചതും സർക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കി. നടപടി അടിച്ചേൽപിക്കുകയായിരുന്നുവെന്നും കഴിഞ്ഞ കാല തെരഞ്ഞെടടുപ്പുകൾക്ക് ആധാരമായ പട്ടിക തെറ്റാണെന്നാണോ കമ്മീഷൻ പറഞ്ഞ് വയ്ക്കുന്നതെന്നും ഗിരിധരി യോദവ് ചോദിച്ചിരുന്നു. പ്രതിപക്ഷത്തെ സ്പീക്കർ നേരിട്ടു. സഭയുടെ അന്തസ് കാക്കണമെന്നും, മുതിർന്ന അംഗങ്ങൾ മര്യാദ കാട്ടണമെന്നും സ്പീക്കർ ഓംബിര്‍ല കുറ്റപ്പെടുത്തി.

മരിച്ചവരുടെയും സ്ഥലം മാറി പോയവരുടെയും പേരുകൾ ഒഴിവാക്കാതെ കള്ളവോട്ടിന് അവസരം നൽകണമെന്നാണോ പറയുന്നതെന്നും സുതാര്യമായ നടപടികൾക്ക് ഒരു വിലയുമില്ലേയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. വോട്ടർപട്ടിക പരിഷ്ക്കരണത്തിൽ 98 ശതമാനം നടപടികളും പൂർത്തിയാക്കിയതായി കമ്മീഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം ജഗദീപ് ധൻകറിന്‍റെ രാജിയുടെ കാരണം തേടി രാജ്യസഭയിലും ബഹളമുയർന്നു. എന്നാൽ, നോട്ടീസുകൾ തള്ളി ചർച്ചക്കില്ലെന്ന് ഉപാധ്യക്ഷൻ ഹരിവംശ് വ്യക്തമാക്കി.

ബിഹാർ വോട്ടർപട്ടിക പരിഷ്ക്കരണത്തിലും ധൻകറിന്‍റെ രാജിയിലും തുടർന്നും പ്രതിഷേധം കനക്കാനാണ് സാധ്യത. അതേസമയം പ്രതിപക്ഷ സമ്മർദ്തത്തിന് വഴങ്ങി ഓപ്പറേഷൻ സിന്ദൂറിൽ ചർച്ചക്ക് സർക്കാരിന് വഴങ്ങേണ്ടിയും വന്നു. തിങ്കൾ,ചൊവ്വ ദിവസങ്ങിലായി ലോക് സഭയിലും, രാജ്യസഭയിലും ചർച്ച നടക്കും.

തേജസ്വി യാദവിന്‍റെ പ്രസ്താവന ആയുധമാക്കി ബിജെപി

ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ ജനാധിപത്യ വിരുദ്ധമാണെന്നോരോപിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആലോചിക്കുന്നുവെന്ന ആർജെഡി അധ്യക്ഷൻ തേജസ്വി യാദവിന്‍റെ പ്രസ്താവന ആയുധമാക്കി ബിജെപി. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടികൾക്കെതിരായ തേജസ്വിയുടെ പ്രചാരണങ്ങൾ ജനം തള്ളിയെന്നും തോൽക്കുമെന്ന് തിരിച്ചറിഞ്ഞാണ് തേജസ്വിയുടെ പ്രസ്താവനയെന്നും ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. 98 ശതമാനവും നടപടികൾ പൂർത്തിയായത് രാഹുൽ ​ഗാന്ധിക്കും തേജസ്വി യാദവിനും ഒരുപോലെ തിരിച്ചടിയാണെന്നും അമിത് മാളവ്യ വിമർശിച്ചു.