ദില്ലി: പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസിന്‍റെ നയരൂപീകരണ സമിതി ഇന്ന് യോഗം ചേരും. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആന്‍റണി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിക്കും. പാര്‍ട്ടി നവീകരണമാവശ്യപ്പെട്ട ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. 

പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. എംപി ഫണ്ട് നിര്‍ത്തലാക്കാനുള്ള ബില്ലിനെതിരെ വോട്ട് ചെയ്യാനും തീരുമാനമുണ്ട്. അതേസമയം നേതൃമാറ്റം ആവശ്യപ്പെട്ട പ്രവര്‍ത്തക സമിതിക്ക് ശേഷം ഇരുവിഭാഗവും ഒന്നിക്കുന്ന യോഗമാണിത്. കത്തെഴുതിയതിന്‍റെ പേരില്‍ ചുമതലകളില്‍ നിന്നകറ്റി നിര്‍ത്തുന്നതില്‍ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. കത്ത് പാര്‍ട്ടി ചർച്ച ചെയ്യണമെന്ന് തന്നെയാണ് നേതാക്കളുടെ നിലപാട്.