Asianet News MalayalamAsianet News Malayalam

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണമെന്ന് പാർലമെന്റ് സമിതി; കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകി

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാണെന്ന വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടക്കുന്നതിനാണ് കേന്ദ്ര പാർലമെന്ററി കാര്യ സമിതിയുടെ ഈ നീക്കം

Parliamentary committee submits report to make post marital sexual affairs illegal kgn
Author
First Published Oct 25, 2023, 6:58 PM IST

ദില്ലി: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് പാർലമെന്റ് സമിതിയുടെ കരട് റിപ്പോർട്ടിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഉഭയ സമ്മതമില്ലാതെയുള്ള സ്വവർഗ രതിയും കുറ്റകരമാക്കണമെന്ന് കരട് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി കാര്യ സ്റ്റാന്റിങ് കമ്മിറ്റി കേന്ദ്ര സർക്കാരിന് നൽകാൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്.

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാണെന്ന വകുപ്പ് റദ്ദാക്കിയ സുപ്രീം കോടതി വിധി മറികടക്കുന്നതിനാണ് കേന്ദ്ര പാർലമെന്ററി കാര്യ സമിതിയുടെ ഈ നീക്കം. ഭാരതീയ ശിക്ഷാ നിയമം പരിശോധിച്ച പാർലമെന്ററി സമിതി യോഗത്തിൽ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. സുപ്രീം കോടതി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് റദ്ദാക്കിയിരുന്നു. ഈ വകുപ്പ് ലിംഗസമത്വം ഉറപ്പാക്കി കൊണ്ടുവരണമെന്ന ശുപാർശയാണ് കേന്ദ്രത്തിന് കൈമാറാൻ സമിതി തീരുമാനിച്ചിരിക്കുന്നത്.

2018 സെപ്റ്റംബറിലാണ് സുപ്രീംകോടതി വിവാഹേതര ലൈംഗിക ബന്ധം നിയമവിരുദ്ധമല്ലാതാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ വിവാഹമോചനത്തിന് കാരണമായി വിവാഹേതര ലൈംഗിക ബന്ധം ഉന്നയിക്കാമെന്നും സുപ്രീം കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. പുരുഷനോ സമൂഹമോ ആഗ്രഹിക്കുന്ന നിലയിൽ സ്ത്രീ ജീവിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും സ്ത്രീകൾക്ക് തുല്യത നിഷേധിക്കുന്ന കാലഹരണപ്പെട്ട വകുപ്പാണിത് എന്നുമായിരുന്നു സുപ്രീം കോടതി വിമർശിച്ചത്. സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തെ മാനിക്കാത്ത വകുപ്പാണെന്നും നിയമ പുസ്തകത്തിൽ ഉൾപ്പെടാൻ ഒരു ന്യായീകരണവുമില്ലാത്ത വകുപ്പെന്നും സുപ്രീം കോടതി ബെഞ്ച് വിമർശിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios