പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതിന് ശശി തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ രൂക്ഷ വിമർശനം. തരൂർ എന്തിനാണ് കോൺഗ്രസിൽ തുടരുന്നതെന്ന് മുതിർന്ന നേതാവ് സന്ദീപ് ദീക്ഷിത് ചോദിച്ചു. 

ദില്ലി: മോദി പ്രശംസക്ക് പിന്നാലെ കോൺ​ഗ്രസ് എംപി ശശി തരൂരിനെതിരെ പാർട്ടിക്കുള്ളിൽനിന്ന് രൂക്ഷവിമർശനം. മുതിർന്ന നേതാവ് സന്ദീപ് ദീക്ഷിത് തരൂരിനെതിരെ രം​ഗത്തെത്തി. തരൂരിന് ഇന്ത്യയെക്കുറിച്ച് വലിയ അറിവൊന്നുമില്ലെന്ന് സന്ദീപ് ദീക്ഷിത് പറഞ്ഞു. നിങ്ങളുടെ അഭിപ്രായത്തിൽ രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നത് കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായിട്ടാണെങ്കിൽ നിങ്ങൾ ആ നയങ്ങൾ പിന്തുടർന്നോളൂ. നിങ്ങൾ എന്തിനാണ് കോൺഗ്രസിൽ തുടരുന്നത്. എംപി ആയതുകൊണ്ടാണോ കോൺ​ഗ്രസിൽ നിൽക്കുന്നതെന്നും സന്ദീപ് ചോദിച്ചു. തരൂരിനെ കപടനാട്യക്കാരനെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ബിജെപിയുടെയോ പ്രധാനമന്ത്രി മോദിയുടെയോ തന്ത്രങ്ങൾ പാർട്ടിയേക്കാൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് കോൺഗ്രസ് എംപി കരുതുന്നുവെങ്കിൽ, അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും തരൂരിനെതിരെ ആഞ്ഞടിച്ചിരുന്നു.

എന്നാൽ ശശി തരൂരിന് പിന്തുണയുമായി ബിജെപി രം​ഗത്തെത്തി. കോൺ​ഗ്രസിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നതിന് പകരം 'ഇന്ദിര നാസി കോൺഗ്രസ്' എന്ന് വിളിക്കണമെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല. കോൺ​ഗ്രസ് ഇന്ദിരയുടെ അടിയന്തരാവസ്ഥാ മനോഭാവത്തെയും നാസി സ്വേച്ഛാധിപത്യ സ്വഭാവത്തെയും പ്രകടിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ പ്രസംഗത്തെ ആരെങ്കിലും പ്രശംസിച്ചാൽ, ആ വ്യക്തിക്കെതിരെ കോൺഗ്രസ് ഒരു 'ഫത്‌വ' പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ രാംനാഥ് ഗോയങ്കെ അനുസ്മരണ പ്രഭാഷണത്തെ അഭിനന്ദിച്ചാണ് ശശി തരൂർ രം​ഗത്തെത്തിയത്.