ബെംഗളുരു: ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്ക് തങ്ങളുടെ സമ്പാദ്യമായ ഭൂമി വിറ്റ് ലോക്ക്ഡൌണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിച്ച് ഈ സഹോദരങ്ങള്‍. കര്‍ണാടകയലെ കോളാര്‍ സ്വദേശികളായ വ്യാപാരി സഹോദരങ്ങളാണ് തങ്ങളുടെ സമ്പാദ്യം വിറ്റ് ലോക്ക്ഡൌണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. 

ലോക്ക്ഡൌണ്‍ സമയത്ത്  കോളാറിലും പരിസരത്തുമുള്ള ദിവസ വേതനക്കാര്‍ ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നത് താജമുല്‍ പാഷയും സഹോദരന്‍ മുസമ്മില്‍ പാഷയും ശ്രദ്ധിച്ചിരുന്നു. ഇവതോടെയാണ് ഇവരെ സഹായിക്കണമെന്ന് ഇരുവരും തീരുമാനിക്കുന്നത്. എന്നാല്‍ സഹായിക്കാന്‍ പണം വെല്ലുവിളിയായതോടെയാണ് ഭൂമി വില്‍ക്കാന്‍ തീരുമാനമായത്. 

വീടിന് സമീപം ടെന്‍റ് തയ്യാറാക്കി അതില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ഇവര്‍ സജ്ജീകരിച്ചു. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ മരിച്ചതോടെ അമ്മയുടെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് ഈ സഹോദരന്മാര്‍ വളര്‍ന്നതെന്ന് സഹോദരന്മാര്‍ പ്രതികരിക്കുന്നു. തങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് ലഭിച്ച കരുതലിന് തിരിച്ച്  എന്തെങ്കിലും ചെയ്യാനുള്ള അവസരമായാണ് ഈ സന്ദര്‍ഭത്തെ കാണുന്നതെന്ന് പാഷ സഹോദരന്മാര്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ്, വാഴക്കൃഷി എന്നിവയാണ് ഇവരുടെ പ്രധാന വരുമാനമാര്‍ഗം. 

മൂവായിരം കുടുംബങ്ങഴള്‍ക്കാണ് പാഷ സഹോദരന്മാര്‍ ഇതിനോടകം സഹായമായിരിക്കുന്നത്. ഇവര്‍ക്ക് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പാസ് വിതരണം ചെയ്ത് കോളാര്‍ ജില്ലാ ഭരണകൂടവും ഇവര്‍ക്കൊപ്പമുണ്ട്.