വിമാനം ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ തയ്യാറെടുക്കുമ്പോഴായിരുന്നു യാത്രക്കാരന്റെ അപ്രതീക്ഷിത പ്രവൃത്തി.
ന്യൂ ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ പുറപ്പെടാൻ തയ്യാറായി നിൽക്കുകയായിരുന്ന വിമാനത്തിൽ യാത്രക്കാരൻ എമർജൻസി സ്ലൈഡ് പ്രവർത്തിപ്പിച്ചതിനെ തുടർന്ന് യാത്ര മുടങ്ങി. ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള ഇന്റിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനക്കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്റിഗോയുടെ 6E 5161 വിമാനം ഡൽഹിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കുമ്പോഴായിരുന്നു യാത്രക്കാരന്റെ അപ്രതീക്ഷിത നടപടി. അടിയന്തിര സാഹചര്യങ്ങളിൽ യാത്രക്കാരെ എമർജൻസി വാതിലുകളിലൂടെ പുറത്തിറക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് വിമാനത്തിലെ എമർജൻസി സ്ലൈഡ്. പിന്നാലെ വിമാന ജീവനക്കാർ അധികൃതരെ വിവരം അറിയിച്ചു.
നടപടികളുടെ ഭാഗമായി ഈ യാത്രക്കാരനെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്ന് ഇന്റിഗോ അറിയിച്ചു. അതേസമയം മറ്റ് യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ കമ്പനി ക്ഷമ ചോദിക്കുകയും ചെയ്തു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫ്ലൈറ്റ് ട്രാക്കിങ് വെബ്‍സൈറ്റുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം A320 വിഭാഗത്തിൽപ്പെട്ട വിമാനമാണ് ഇന്റിഗോ തങ്ങളുടെ ന്യൂഡൽഹി-ലേ സർവീസിനായി ഉപയോഗിക്കുന്നത്.
