ദില്ലി: അമ്പത് ദിവസത്തെ ലോക്ക് ഡൗണിന് ശേഷം പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസിന് തുടക്കം. ദില്ലിയില്‍ നിന്ന് ബിലാസ്‍പൂരിലേക്ക് ആദ്യ പാസഞ്ചര്‍ ട്രെയിന്‍ പുറപ്പെട്ടു. 1490 യാത്രക്കാരാണ് ട്രെയിനിലുള്ളത്. ദിബ്രുഗഡിലേക്കും ബെംഗളൂരുവിലേക്കും ദില്ലിയില്‍ നിന്ന് രണ്ട് ട്രെയിനുകള്‍ കൂടി ഇന്ന് പുറപ്പെടും. 

ടിക്കറ്റ് ലഭിച്ചവരെ മാത്രമെ റെയിൽവെ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിക്കു. രോഗ ലക്ഷണം ഇല്ലാത്തവരെ മാത്രമെ യാത്രക്ക് അനുവദിക്കു. ഏത് സംസ്ഥാനത്തേക്കാണോ പോകുന്നത് അവിടുത്തെ ആരോഗ്യ പ്രോട്ടോക്കോൾ എല്ലാവരും അനുസരിക്കണം.
ടിക്കറ്റ് ലഭിച്ചവര്‍ മണിക്കൂറുകൾ മുമ്പേ എത്തുന്ന കാഴ്ചയായിരുന്നു ദില്ലി റെയിൽവെ സ്റ്റേഷനിൽ. ഇവര്‍ക്കൊപ്പം ടിക്കറ്റ് കിട്ടാത്തവരും എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് അന്വേഷിച്ചും എത്തുന്നുണ്ട്.

എസി ട്രെയിനുകളായതിനാൽ ഉയര്‍ന്ന നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്. സാധാരണ എസി ടിക്കറ്റുകൾക്ക് നൽകിയിരുന്നതിനെക്കാൾ കൂടുതൽ നിരക്ക് നൽകേണ്ടിവന്നു എന്ന പരാതികളും ഉണ്ട്. കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ നാളെ രാവിലെ 11.25നാണ് ദില്ലിയിൽ നിന്ന് പുറപ്പെടും. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കും സര്‍വ്വീസും തുടങ്ങും.