ദില്ലി: തേജസ് എക്സ്പ്രസ് ട്രെയിനിൽ പഴകിയ ഭക്ഷണം വിളമ്പുന്നതായി യാത്രക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് കരാറുകാരന് ഒരു ലക്ഷം രൂപ പിഴ. മുംബൈ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരും പഴകിയ പ്രഭാതഭക്ഷണം നൽകിയെന്ന് പരാതി ഉന്നയിച്ചിരുന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെ പരാതിയാണിതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ റെയിൽവേ കേറ്ററിം​ഗ് ആന്റ് ടൂറിസം കോർപറേഷനാണ് കരാറുകാരന് ഒരു ലക്ഷം രൂപ പിഴയിട്ടിരിക്കുന്നത്. 

ഭക്ഷണം പഴകിയതാണെന്ന് പറഞ്ഞതിനെ തുടർന്ന് മാറ്റി നൽകാമെന്ന് ജീവനക്കാർ പറഞ്ഞിരുന്നു. പഴകിയ ഭക്ഷണം കഴിച്ചതിനെ തുടർന്ന് യാത്രക്കാരിൽ ചിലർ ഛർദ്ദിച്ചിരുന്നതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ആവർത്തിച്ച് പറഞ്ഞിട്ടും തങ്ങൾക്ക് വൈദ്യസഹായം ലഭ്യമാക്കിയില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. ''ഭക്ഷണം വിളമ്പിയപ്പോൾ പുലാവിനും റൊട്ടിക്കും പഴകിയ ​ഗന്ധമുണ്ടായിരുന്നു. ജീവനക്കാരോട് അപ്പോൾത്തന്നെ പരാതിപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഫുഡ് കഴിച്ചപ്പോൾ അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു. ഒരു ഡോക്ടറെ ആവശ്യപ്പെട്ടെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. എട്ട് യാത്രക്കാർ ഭക്ഷണം കഴിച്ച് ഛർദ്ദിച്ചു. റെയിൽവേ അധികൃതരെ വിവരമറിയിച്ചിട്ടുണ്ട്.'' യാത്രക്കാരനായ വിലാസ് കേൽക്കർ വ്യക്തമാക്കി.

എന്നാൽ യാത്രക്കാർക്ക് ഛർദ്ദിയും ശാരീരികാസ്വാസ്ഥ്യവും ഉണ്ടായതിനെക്കുറിച്ച് അറിയില്ലെന്നാണ് ഐആർസിറ്റിസിയുടെ വിശദീകരണം. ചൂടോടെ പാക്ക് ചെയ്തത് കൊണ്ടാണ് പുലാവ് ചീത്തയായതും പഴകിയ ​ഗന്ധം വന്നതും. എന്നാൽ യാത്രക്കാർ വൈദ്യസഹായം ആവശ്യപ്പെട്ടതിനെ ക്കുറിച്ച് അറിയില്ല.- അധികൃതർ വ്യക്തമാക്കി. ഭക്ഷണത്തിന്റെ കരാറുകാരന് കാരണം കാണിക്കൽ നോട്ടീസും ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ടെന്ന് അധികൃതർ കൂട്ടിച്ചേർത്തു.