ഇനി ആർഎസി ടിക്കറ്റുള്ളവർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും. ഇതിനുള്ള ക്രമീകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും സർക്കുലർ അയച്ചു. ആർഎസിയിൽ ഒരേ സീറ്റിൽ രണ്ട് യാത്രക്കാർ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് നിർദേശം.

ട്രെയിനിൽ ഇനി ആർഎസി ടിക്കറ്റുള്ളവർക്കും കമ്പിളിപ്പുതപ്പ് ലഭിക്കും. ഇതിനുള്ള ക്രമീകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും സർക്കുലർ അയച്ചു. എസി ചെയർ കാർ ഒഴികെ എല്ലാ എസി ക്ലാസ്സിലുമുള്ള യാത്രക്കാർക്കും പുതപ്പുകൾ നൽകാനാണ് നിർദേശം. ഇതുവരെ ഒരു സീറ്റിന് ഒരു പുതപ്പ് വീതമാണ് നൽകിയിരുന്നത്. എന്നാൽ, ആർഎസിയിൽ ഒരേ സീറ്റിൽ രണ്ട് യാത്രക്കാർ ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് നിർദേശം.

തേർഡ് എസിയിൽ 4 ലോവർ ബർത്തിലായി 8 പേർക്കും സെക്കൻഡ് എസിയിൽ 3 ലോവർ ബർത്തിലായി 6 പേർക്കുമാണ് യാത്ര ചെയ്യാൻ അവസരം ഉള്ളത്. പുതപ്പിന് അടക്കമുള്ള തുക നൽകി ടിക്കറ്റെടുത്തിട്ടും പുതപ്പ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരൻ നൽകിയ പരാതിയിൽ അടുത്തിടെ റെയിൽവേക്ക് ഉപഭോക്തൃ കമ്മീഷൻ 25,000 രൂപ പിഴ ചുമത്തിയിരുന്നു.