ഉത്തർപ്രദേശിലെ ബല്ലിയയിൽ, കുടിശ്ശികയുടെ പേരിൽ പെട്രോൾ പമ്പ് അധികൃതർ ഇന്ധനം നിഷേധിച്ചതിനെ തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. ഇന്ധനമില്ലെന്ന് കള്ളം പറഞ്ഞ പമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ഇന്ധന സ്റ്റോക്ക് കണ്ടെത്തുകയും പമ്പ് ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഈ മനുഷ്യത്വരഹിതമായ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിൽ ആംബുലൻസിന് ഇന്ധനം നൽകാൻ പെട്രോൾ പമ്പ് അധികൃതർ തയ്യാറാകാത്തതിനെത്തുടർന്ന് ആശുപത്രിയിലെത്തിക്കാൻ വൈകിയ രോഗി മരണപ്പെട്ടു. രോഗിയുമായി പോയ ആംബുലൻസ് ഇന്ധനം നിറയ്ക്കാൻ അടുത്തുള്ള പെട്രോൾ പമ്പിൽ എത്തിയെങ്കിലും, പമ്പ് ജീവനക്കാർ പെട്രോൾ നൽകാൻ തയ്യാറായില്ല. ആംബുലൻസ് സർവീസുമായി ബന്ധപ്പെട്ട കുടിശ്ശിക നിലനിൽക്കുന്നുണ്ടെന്നും പണം നൽകാതെ ഇന്ധനം അടിക്കില്ലെന്നുമാണ് പമ്പ് അധികൃതർ നിലപാടെടുത്തത്. ഇന്ധനത്തിനായി ഏറെ നേരം പമ്പിൽ കാത്തുകിടക്കേണ്ടി വന്നതോടെ രോഗിയുടെ നില വഷളായി. ആശുപത്രിയിൽ എത്തും മുൻപ് രോഗി മരിച്ചു.
പണ്ടേപൂർ സ്വദേശിയായ ചത്തു ശർമയാണ് മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ബന്ധുക്കൾ. സ്വകാര്യ ആംബുലൻസിലായിരുന്നു യാത്ര. എന്നാൽ ഇന്ധനം തീർന്നതിനെ തുടർന്ന് ഏപ്രിൽ 22 ന് രാത്രി 9.20-ന് തെൻഗ്രാഹി ഗ്രാമത്തിലെ ഭുഷൻ പെട്രോൾ പമ്പിൽ വാഹനം ഇന്ധനം നിറയ്ക്കാൻ എത്തി. സ്റ്റോക്കില്ലെന്ന് പറഞ്ഞ് അധികൃതർ ഇന്ധനം നൽകാൻ മടിച്ചു. 15 മിനിറ്റോളം ആംബുലൻസ് ഇവിടെ കാത്തുനിൽക്കേണ്ടി വന്നു. ഒടുവിൽ രോഗി മരിച്ചതോടെ പൊലീസെത്തി പരിശോധിച്ചു. ഈ സമയത്ത് പമ്പിൽ 4595 ലിറ്റർ പെട്രോൾ, 4784 ലിറ്റർ ഹൈ സ്പീഡ് ഡീസൽ, 3475 ലിറ്റർ പ്രീമിയം പെട്രോളും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.
സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പെട്രോൾ പമ്പ് ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന അടിയന്തര സേവനങ്ങൾക്ക് മുൻഗണന നൽകുന്നതിന് പകരം സാമ്പത്തിക തർക്കത്തിന്റെ പേരിൽ ഇന്ധനം നിഷേധിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അടിയന്തര സാഹചര്യത്തിൽ പെട്രോൾ പമ്പ് അധികൃതർ കാണിച്ചത് മനുഷ്യത്വവിരുദ്ധമായ നിലപാടെന്നാണ് ഉയരുന്ന വിമർശനം.


