ജ്യോതിഷവും വൈദ്യശാസ്‌ത്രവും കൂട്ടിക്കലര്‍ത്തിയുള്ള ചികിത്സയില്‍ രോഗികളും തൃപ്‌തരാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
ജയ്‌പൂര്‍: രാജസ്ഥാനിലെ യുണീക് സംഗീത മെമ്മോറിയല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത് ജ്യോതിഷവിധിപ്രകാരം! രോഗനിര്‍ണയത്തിന് ജ്യോതിഷത്തിന്റെ സഹായം തേടുന്നുണ്ടെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെയാണ് പറഞ്ഞതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗനിര്‍ണയത്തിന് ജ്യോതിഷത്തിന്റെ സഹായം തേടുന്നുണ്ടെന്നാണ് ഡോക്ടറായ എ ശര്‍മ്മ പറയുന്നത്. "രോഗം എന്താണെന്ന് നിര്‍ണയിക്കാന്‍ ജ്യോതിഷം ഉപയോഗിക്കും, ചികിത്സയ്‌ക്ക് വൈദ്യശാസ്‌ത്രവും. ഞങ്ങളിങ്ങനെ ചെയ്യുന്നത് കൊണ്ട് രോഗനിര്‍ണയം കൃത്യമാണ്, സമയവും നഷ്ടമാവുന്നില്ല". ഡോക്ടര്‍ പറയുന്നു. ജ്യോതിഷവും വൈദ്യശാസ്‌ത്രവും കൂട്ടിക്കലര്‍ത്തിയുള്ള ചികിത്സയില്‍ രോഗികളും തൃപ്‌തരാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
സംഭവം വാര്‍ത്തയായതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ആനമണ്ടത്തരം എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാണ് ഭൂരിപക്ഷം പേരും ട്വിറ്ററിലൂടെ ആവശ്യപ്പെടുന്നത്.
