മുത്തൂറ്റ് വധക്കേസില്‍ ഏട്ടു പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ പോൾ മൂത്തൂറ്റിന്റെ കുടുംബം സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലാണ് സിബിഐ നിലപാട് വ്യക്തമാക്കുന്നത്.
ദില്ലി: മുത്തൂറ്റ് വധക്കേസില്‍ ഏട്ടു പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയതിനെതിരെ പോൾ മൂത്തൂറ്റിന്റെ കുടുംബം സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലാണ് സിബിഐ നിലപാട് വ്യക്തമാക്കുന്നത്. കേസിൽ രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഹൈക്കോടതി നേരത്തെ ഒഴിവാക്കിയത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത് , അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി ഫൈസല്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍ എന്നിവരുടെ മേല്‍ ചുമത്തിയിരുന്ന കൊലക്കുറ്റവും കോടതി നീക്കിയിരുന്നു.
ഇവര്‍ കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തെന്ന് പറയത്തക്ക തെളിവുകളില്ലെന്ന് നിരീക്ഷിച്ചായിരുന്നു കേരള ഹൈക്കോടതി നടപടി.എന്നാൽ വിചാരണക്കോടതി കണക്കിലെടുത്ത കാര്യങ്ങൾ പോലും ഹൈക്കോടതി കണക്കിലെടുത്തില്ലെന്ന് സിബിഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രൻ ക്വട്ടേഷൻ സംഘത്തിന്റെ തലവനാണ്. തന്റെ സംഘത്തിലെ അംഗങ്ങൾക്കൊപ്പം മറ്റൊരു ഗുണ്ടയായ കുരങ്ങ് നസീറിനെ ആക്രമിക്കാൻ പോകുന്നതിനിടെയാണ് സംഭവം നടക്കുന്നത്.
ബൈക്കിൽ തട്ടിയ പോൾ മൂത്തൂറ്റിന്റെ വാഹനം നിർത്തിയില്ലെന്ന് ആരോപിച്ച് ജയചന്ദ്രന്റെ നേതൃത്വത്തിലാണ് പോൾ മൂത്തൂറ്റിന്റെ വാഹനത്തെ പിൻതുടരുകയും ആക്രമിക്കുകയും ചെയ്തത്. വാഹനം തട്ടിയതിൽ പോൾ മൂത്തൂറ്റ് മാപ്പ് പറഞ്ഞെങ്കിലും പ്രതികൾ ആക്രമിച്ചു. രണ്ടാം പ്രതി കാരി സതീഷിന്റെ കൈയിലിരുന്ന കത്തി കൊണ്ട് കുത്തിയ ശേഷവും പോൾ മൂത്തൂറ്റിനെ പ്രതികൾ ആക്രമിച്ചു. മറ്റു പ്രതികളെ അതിക്രമത്തിന് പ്രേരിപ്പിച്ചത് ജയചന്ദ്രനാണ്. ഒരോ ലക്ഷ്യത്തോടെ തന്നെ പ്രതികൾ എത്തിയത്. സംഘത്തിൽ ഉള്ളവരെ രക്ഷിക്കാനുള്ള ശ്രമവും സംഘത്തലവൻ എന്ന നിലയിൽ ജയചന്ദ്രൻ നടത്തി.
കുത്തേറ്റ പോൾ മൂത്തൂറ്റിനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. ഇതിനും പ്രതികൾ ശ്രമിച്ചില്ല. ഇതെല്ലാം കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തന്നെ പ്രതികൾ പ്രവർത്തിച്ചു എന്നത് വ്യക്തമാക്കുന്നുവെന്നും സിബിഐ സത്യവാങ്മൂലത്തിൽ പറയുന്നു. 75 സാക്ഷികളടക്കം ഈ കേസിൽ വിചാരണക്കോടതി വിസ്തരിച്ച് ഈക്കാര്യം ഉറപ്പാക്കിയതാണ്. പ്രതി പട്ടികയിലെ പതിനാല് പേരിൽ ഒരാൾക്ക് ഒഴികെ പതിമൂന്ന് പേർക്കും ജീവപര്യന്തം ശിക്ഷ വിചാരണക്കോടതി വിധിച്ചിരുന്നു.
ഇവരുടെ പങ്ക് സാഹചര്യതെളിവുകളുടെ അടക്കം തെളിയ്ക്കപ്പെട്ടതാണ്. എന്നാൽ ഹൈക്കോടതി ഇതൊന്നും കണക്കിലെടുക്കാതെയാണ് ഉത്തരവ് ഇറക്കിയതെന്ന് സിബിഐ പറയുന്നു. പോൾ മൂത്തൂറ്റിന്റെ സഹോദരൻ ജോർജ്ജ് മൂത്തൂറ്റ് ജോർജ്ജിനായി കെഎംഎൻപി അസോസിയേറ്റ്സ് വഴി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ് സുപ്രീം കോടതിയിൽ നേരത്തെ അപ്പീലിൽ ഫയൽ ചെയ്തത്. അപ്പീലിൽ സിബിഐയ്ക്ക് അടക്കം കോടതി നോട്ടീസ് അയച്ചിരുന്നു.
