Asianet News MalayalamAsianet News Malayalam

1700 കോടി നികുതി അടയ്ക്കണം; കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു.തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിന്‍റെ നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചിരുന്നു. 

pay 1700 crore income tax department notice to congress SSM
Author
First Published Mar 29, 2024, 9:15 AM IST

ദില്ലി: കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 1700 കോടി രൂപ നികുതി അടയ്ക്കാൻ നിർദ്ദേശിച്ചാണ് പുതിയ നോട്ടീസ്. കോടതിയിൽ ചോദ്യംചെയ്യുമെന്ന് കോൺഗ്രസ് അറിയിച്ചു.തെരഞ്ഞെടുപ്പ് കാലത്തെ ആദായ നികുതി വകുപ്പിന്‍റെ നടപടി ജനാധിപത്യ രീതിക്ക് എതിരാണെന്ന് സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമർശിച്ചിരുന്നു. 

2017- 18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കം 1700 കോടി രൂപയുടെ നോട്ടീസാണ് ആദായ നികുതി വകുപ്പ് ഇന്നലെ വൈകുന്നേരം നല്‍കിയിരിക്കുന്നത്. ഇതേ കാലയളവിലെ നികുതി പുനര്‍ നിര്‍ണ്ണയിക്കാനുള്ള ആദായ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നടപടി. 2014-15, 2016-17 സാമ്പത്തിക വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയത്തിനെതിരെയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 2018-19 വര്‍ഷത്തെ നികുതി കുടിശികയായി കോണ്‍ഗ്രസിന്‍റെ അക്കൗണ്ടില്‍ നിന്ന് 135 കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.  

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നികുതി പുനര്‍ നിര്‍ണ്ണയത്തിനുള്ള കാലാവധി വരുന്ന ഞായറാഴ്ച അവസാനിക്കും. അനുബന്ധ രേഖകളോ കൂടുതല്‍ വിശദാംശങ്ങളോ നല്‍കാതെയാണ് പുതിയ നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹൈക്കോടതിയിലെ നിയമ പോരാട്ടം പരാജയപ്പെട്ടതോടെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. ആദായ നികുതി വകുപ്പ് അപ്ലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും വകുപ്പിന്‍റെ നടപടികള്‍ ശരി വയ്ക്കുകയായിരുന്നു. അതേസമയം ആദായ നികുതി വകുപ്പ് റിട്ടേണുകള്‍ സമര്‍പ്പിക്കാത്തിനാലും, സംഭാവന വിവരങ്ങള്‍ മറച്ചു വച്ചതുകൊണ്ടുമാണ് ഭീമമായ പിഴ ഈടാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പിന്‍റെ പ്രതികരണം.

കേന്ദ്ര സർക്കാരിന്റേത് നീചമായ രാഷ്ട്രീയമെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു. ബിജെപിയും നികുതി അടച്ചതിന്‍റെ കണക്ക് വ്യക്തമാക്കിയിട്ടില്ല. കോണ്‍ഗ്രസിനെ പാപ്പരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ആദായ നികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് കോൺഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും സ്ഥാനാർത്ഥികളും പണം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാനാകുമെന്നറിയാതെ പ്രതിസന്ധിയിലാണ് കോൺഗ്രസ്. യാത്രാ ചെലവുകളിലടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കാനാണ് നീക്കം. 

Follow Us:
Download App:
  • android
  • ios