ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും പിന്തുണയുമായി മഹാരാഷ്ട്രയിലെത്തി. മാതാപിതാക്കള്‍ എന്തു സഹായം വേണമെങ്കിലും അദ്ദേഹം വാഗ്ദാനം ചെയ്തു.

മുംബൈ: സീനിയേഴ്സില്‍നിന്ന് ജാതി അധിക്ഷേപം നേരിട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഡോക്ടര്‍ പായല്‍ തദ‍്വിയുടെ കുടുംബം പ്രക്ഷോഭവുമായി ആശുപത്രിക്ക് മുന്നില്‍. പായലിന്‍റെ അമ്മ അബേദ, പിതാവ് സല്‍മാന്‍ എന്നിവരാണ് ആശുപത്രിക്ക് മുന്നില്‍ സമരവുമായി എത്തിയത്. ബിവൈഎല്‍ നായര്‍ ആശുപത്രിക്ക് മുന്നിലായിരുന്നു സമരം.

മകളുടെ ആത്മഹത്യക്ക് കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. സീനിയേഴ്സായ മൂന്ന് പേര്‍ പായലിനെ ജാതീയമായി അധിക്ഷേപിക്കുകയും റാഗ് ചെയ്തിരുന്നുവെന്നും ഇവര്‍ ആരോപിച്ചു. വഞ്ചിത് ബഹുജന്‍ അഖാദി പാര്‍ട്ടിയും മറ്റ് ദളിത് സംഘടനകളും സമരത്തില്‍ പങ്കെടുത്തു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും പിന്തുണയുമായി മഹാരാഷ്ട്രയിലെത്തി. മാതാപിതാക്കള്‍ എന്തു സഹായം വേണമെങ്കിലും അദ്ദേഹം വാഗ്ദാനം ചെയ്തു.

മഹാരാഷ്ട്ര വനിത കമ്മീഷന്‍ ആശുപത്രി അധികൃതരില്‍നിന്ന് വിശദീകരണം തേടി. കോളജില്‍ ആന്‍റിറാഗിങ് സ്ക്വാഡ് പ്രവര്‍ത്തിച്ചിരുന്നോവെന്നും വനിതാ കമ്മീഷന്‍ ആരാഞ്ഞു. നീതിപൂര്‍വമായ അന്വേഷണം നടക്കണമെന്നാവശ്യപ്പെട്ട് ആരോപണ വിധേയരായ പെണ്‍കുട്ടികളും രംഗത്തെത്തി. മാധ്യമസമ്മര്‍ദം കാരണം തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് അന്വേഷണം നടക്കുന്നതെന്ന് അവര്‍ ആരോപിച്ചു. മെയ് 22നാണ് പായല്‍ ആത്മഹത്യ ചെയ്തത്.